
ഉരുള്‍പൊട്ടല്‍ ഭീഷണി: വിലങ്ങാട് അതീവ ജാഗ്രത; ജനങ്ങളെ അടിയന്തരമായി മാറ്റാന്‍ കളക്ടറുടെ ഉത്തരവ്
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ഉള്‍പ്പെട്ട മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് വിലങ്ങാട് ഉള്‍പ്പെടെയുള്ള അപകട സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി അടിയന്തര ഉത്തരവിട്ടു.
വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിലെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍, കുത്തനെയുള്ള ചരിവുകളിലുള്ളവര്‍, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ക്ക് സമീപമുള്ളവര്‍ എന്നിവരെ ഉടനടി മാറ്റും. വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു.
മാറ്റിത്താമസിപ്പിക്കലിന്റെ ചുമതല വടകര ആര്‍.ഡി.ഒ (നോഡല്‍ ഓഫീസര്‍), വടകര തഹസില്‍ദാര്‍ (അസി. നോഡല്‍ ഓഫീസര്‍) എന്നിവര്‍ക്ക് നല്‍കി. വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ഉടന്‍ സജ്ജമാക്കും.
അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു
