
കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു: അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പത്തനംതിട്ട ജില്ലയിലും കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം.
ഇന്ന് തിരുവനന്തപുരം മുതല്‍ കോട്ടയം വരെയും ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ടാണ്. എറണാകുളം ജില്ലയിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
