
വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി
ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ പണം നൽകേണ്ടിയിരുന്നില്ല.
ഇതിനൊപ്പം ആൺകുട്ടികൾക്കുകൂടി സൗജന്യ യാത്ര അനുവദിക്കുന്നതിന് നടപടിയെടുക്കുകയായിരുന്നു. 10 ലക്ഷത്തോളം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം നടപ്പാക്കുന്ന പ്രധാന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും ഇനി മുതൽ സർക്കാരിനുകീഴിലുള്ള നാല് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെയും ബസുകളിൽ യാത്ര സൗജന്യമായിരിക്കും.
