സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം; രണ്ടായിരത്തിലേറെപ്പേര്‍ക്ക് രോഗബാധയെന്ന് സംശയം

0

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി രോഗബാധിരുടെ എണ്ണം ഉയരുന്നു. ഈ വര്‍ഷം 552 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ രണ്ടായിരത്തിലേറെപ്പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. ഏററവും കൂടുതല്‍ ഡെങ്കിപ്പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2017 ലെ സ്ഥിതി ആവര്‍ത്തിക്കാമെന്നാണ് ആരോഗ്യവകുപ്പ് ്മുന്നറിയിപ്പ് നല്കുന്നത്.

സമീപകാലത്ത് ഏററവും കൂടുതല്‍ പേര്‍ക്ക് കൊതുകു പരത്തുന്ന ഡെങ്കിപ്പനി ബാധിച്ചത് അഞ്ചുകൊല്ലം മുമ്പാണ്. അന്ന് 21993 പേര്‍ക്ക് രോഗം ബാധിച്ചെന്നും 165 പേര്‍ മരിച്ചെന്നുമാണ് ഒൗദ്യോഗിക കണക്കുകള്‍. അനൗദ്യോഗിക മരണങ്ങള്‍ അതിലും വളരെക്കൂടുതലായിരുന്നു. 2018 ല്‍ 4090 ഉം 2019ല്‍ 4651 ഉം കഴിഞ്ഞവര്‍ഷം 2692 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചു. ഈ വര്‍ഷം മഴക്കാലമെത്തും മുമ്പു തന്നെ 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2267 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നു. ഈ മാസം മാത്രം 78 പേര്‍ക്ക് അസുഖം കണ്ടെത്തി, 749 പേര്‍ക്ക് സംശയിക്കുന്നു. ഒരു മരണം സ്ഥിരീകരിച്ചപ്പോള്‍ നാലുപേര്‍ മരിച്ചത് ഡങ്കിപ്പനി ബാധിച്ചെന്നാണ് സംശയം. നാലോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ ഡങ്കിപ്പനി കേസുകള്‍ കുതിച്ചുയരാമെന്നും അതുകൊണ്ടുതന്നെ ആ വര്‍ഷം അതീവ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നത്.

You might also like