സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കും. സാധാരണമായി മാസത്തില്‍ 25-ാം തിയതിയോടെ ആരംഭിക്കുന്ന പെന്‍ഷന്‍ വിതരണം ഓണം പ്രമാണിച്ചാണ് നേരത്തെയാക്കിയത്. ഇതിനായി ആകെ 1,105 കോടി രൂപ അനുവദിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി 630.05 കോടി രൂപയുടെ ഓണം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാന്‍സും ലഭിക്കും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ ഉത്സവബത്തയായി നല്‍കും. പാര്‍ട്ട്ടൈം താല്‍കാലിക ജീവനക്കാര്‍ക്ക് 6,000 രൂപ അഡ്വാന്‍സ് ലഭിക്കും.

ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും 1,450 രൂപയും സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 1,250 രൂപയും ഉത്സവബത്തയായി അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ പിന്നാക്ക വിഭാഗക്കാരുടെ സ്‌കോളര്‍ഷിപ്പ് കുടിശിക തീര്‍ക്കുന്നതിനായി 310 കോടി രൂപയും അനുവദിച്ചു.
100 പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങള്‍ക്ക് 1,200 രൂപവീതം ഓണം ബത്ത നല്‍കുന്നതിനായി 44.24 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 70,800 തൊഴിലാളികള്‍ക്കും 1,200 രൂപ വീതം ലഭിക്കും. സ്‌കൂള്‍ പാചക തൊഴിലാളികളുടെ വര്‍ധിപ്പിച്ച വേതനമുള്‍പ്പെടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാന്‍ 44 കോടി രൂപയും അനുവദിച്ചിട്ടുണ്ട്

You might also like