
ലോക ചരിത്രത്തിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം ലോകമെമ്പാടും ആചരിക്കുന്നു
ന്യൂയോര്‍ക്ക്: ലോക ചരിത്രത്തിലും അന്താരാഷ്ട്ര രാഷ്ട്രീയത്തിലും വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാര്‍ഷികം ലോകമെമ്പാടും ആചരിക്കുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയിലുള്ള 9/11 മെമ്മോറിയല്‍ മ്യൂസിയത്തില്‍ പ്രധാന അനുസ്മരണ ചടങ്ങുകള്‍ നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഏഴ് ഘട്ടങ്ങളിലായാണ് മൗനാചരണം സംഘടിപ്പിച്ചിരിക്കുന്നത്.
വിമാനങ്ങള്‍ ഇടിച്ച സമയങ്ങള്‍, കെട്ടിടങ്ങള്‍ തകര്‍ന്ന സമയം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മരണപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നാറ്റോയുടെ ബെല്‍ജിയം ആസ്ഥാനത്തും ബ്രിട്ടന്‍, ഇസ്രയേല്‍, ഐക്യരാഷ്ട്രസഭ, വിവിധ യു.എസ് എംബസികള്‍ എന്നിവിടങ്ങളിലും പ്രത്യേക അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്
2001 സെപ്റ്റംബര്‍ 11 ന് അല്‍ ഖ്വായിദയിലെ 19 ഭീകരര്‍ നാല് യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്ത് അമേരിക്കയിലെ പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 2,977 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്നുണ്ടായ വിഷപ്പുകയും പൊടിപടലങ്ങളും ശ്വസിച്ചതിനെ തുടര്‍ന്ന് പിന്നീട് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് 9,600 ഓളം പേര്‍ കൂടി മരണപ്പെടുകയുണ്ടായി.
ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ 110 നിലകളുള്ള ഇരട്ട ഗോപുരങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്ന് വീഴുന്ന ദൃശ്യങ്ങള്‍ ലോകം ഞെട്ടലോടെയാണ് കണ്ടുനിന്നത്. അല്‍ ഖ്വായിദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ സൂത്രധാരനായ ഈ ആക്രമണത്തിന്റെ പ്രധാന ആസൂത്രകന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദായിരുന്നു. ആക്രമണത്തിന് പത്ത് വര്‍ഷത്തിന് ശേഷം 2011 ല്‍ പാകിസ്ഥാനില്‍ വെച്ച് യു.എസ് സൈനിക ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.
തട്ടിയെടുത്ത നാല് വിമാനങ്ങളില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചുകയറ്റുകയും നൂറ് മിനിറ്റിനുള്ളില്‍ ഇരു കെട്ടിടങ്ങളും തകരുകയും ചെയ്തു. മൂന്നാമത്തെ വിമാനം യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലാണ് ഇടിച്ചിറക്കിയത്. വാഷിങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസോ ക്യാപിറ്റോളോ ലക്ഷ്യമിട്ട നാലാമത്തെ വിമാനം, യാത്രക്കാരും ജീവനക്കാരും ഭീകരരെ ചെറുത്തതോടെ പെന്‍സില്‍വാനിയയിലെ ഷാങ്ക്സ്വില്ലിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു
