
സൈബർ സുരക്ഷയ്ക്ക് AI പരമാധികാരം അനിവാര്യം; ഇന്ത്യ സ്വന്തം AI സാങ്കേതികവിദ്യ വികസിപ്പിക്കണമെന്ന് പ്രശാന്ത് നായർ
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയ്ക്കൊപ്പം യാഥാർഥ്യവും വ്യാജവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിൽ ഇന്ത്യ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഗഗൻയാൻ ബഹിരാകാശ യാത്രികനും ഇന്ത്യൻ വ്യോമസേനയിലെ എയർ കൊമഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ.
കൊച്ചിയിൽ സെപ്റ്റംബർ അഞ്ചിന് നടന്ന Kerala Cyber Suraksha Summit 2026 (KCSS)-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. AI സാങ്കേതികവിദ്യയിൽ രാജ്യത്തിന് സ്വന്തമായ നിയന്ത്രണവും ഉടമസ്ഥതയും ഉണ്ടായിരിക്കേണ്ടത് ദേശീയ സൈബർ സുരക്ഷയ്ക്ക് നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ യഥാർഥവും കൃത്രിമമായി സൃഷ്ടിച്ചതുമായ ഉള്ളടക്കങ്ങൾ തമ്മിലുള്ള അതിർത്തി കൂടുതൽ മങ്ങുകയാണെന്ന് നായർ പറഞ്ഞു. സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം രാജ്യത്തിന് സ്വന്തം AI സാങ്കേതിക ശേഷിയും വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
