ആധാര്‍ ബയോമെട്രിക് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ ഗ്യാസ് സിലിണ്ടര്‍ സബ്‌സിഡി നഷ്ടമാകും

0

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ റീഫില്ലുകള്‍ ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ആധാര്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

2026 ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. സബ്‌സിഡി ദുരുപയോഗം തടയുന്നതിനും സബ്‌സിഡികള്‍ അര്‍ഹരായ ഉപയോക്താക്കളിലേക്ക് മാത്രം എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

ഇതിനകം ആധാര്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ വീണ്ടും ഈ പ്രക്രിയ ചെയ്യേണ്ടതില്ല. അവര്‍ക്ക് പതിവുപോലെ സിലിണ്ടറുകള്‍ ലഭിക്കും. ഇതുവരെ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കി സബ്‌സിഡി നിരക്കിലുള്ള സിലിണ്ടര്‍ ബുക്ക് ചെയ്യാവുന്നതാണ്.

ബയോമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് വഴികള്‍ളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.

1. അതത് എല്‍പിജി വിതരണക്കാരുടെ ഷോറൂമുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ബയോമെട്രിക് വിവരങ്ങള്‍ നല്‍കാം.

2. ഉപയോക്താക്കള്‍ക്ക് വീടുകളില്‍ ഇരുന്നു തന്നെ എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ വഴിയും സ്വയം ഇത് പൂര്‍ത്തിയാക്കാം. ഇന്‍ഡെയ്ന്‍ ഉപയോക്താക്കള്‍  ‘IndianOil ONE’,  ഭാരത് ഗ്യാസ് ഉപയോക്താക്കള്‍ ‘HelloBPCL’, എച്ച്പി ഗ്യാസ് ഉപയോക്താക്കള്‍ ‘HP PAY’ എന്നീ ആപ്പുകള്‍ വഴിയാണ് ചെയ്യേണ്ടത്.

3. സിലിണ്ടര്‍ വീടുകളിലെത്തിക്കുന്ന ഡെലിവറി ജീവനക്കാര്‍ വഴി എണ്ണക്കമ്പനികളുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും വെരിഫിക്കേഷന്‍ ചെയ്യാം.

ആധാര്‍ ബയോമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കോ അതിന് താല്‍പര്യമില്ലാത്തവര്‍ക്കോ പാചകവാതകം തുടര്‍ന്നും ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തങ്ങളുടെ തീരുമാനം ബന്ധപ്പെട്ട എണ്ണക്കമ്പനിയുടെ വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ്, വാട്‌സ്ആപ്പ് ചാറ്റ്ബോട്ട്, ഐവിആര്‍എസ് എന്നിവ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

ഇത്തരം ഉപയോക്താക്കള്‍ക്ക് സബ്‌സിഡി ഇല്ലാതെ വിപണി വിലയിലായിരിക്കും ഗ്യാസ് വിതരണം ചെയ്യുക. ലഭ്യതയ്ക്ക് അനുസൃതമായി അഞ്ച് കിലോ, പത്ത് കിലോ സിലിണ്ടറുകളാകും ഇവര്‍ക്ക് നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു

You might also like