
എസ്.ഐ.ആര്‍ നിയന്ത്രണം ഐ.ടി സെല്ലിലേക്ക്: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നോക്കുകുത്തികള്‍; കമ്മിഷനില്‍ ആഭ്യന്തര കലഹം രൂക്ഷം
ന്യൂഡല്‍ഹി: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തെച്ചൊല്ലി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രൂപപ്പെട്ട ആഭ്യന്തര കലഹത്തിന്റെ മൂലകാരണം കമ്മിഷന്‍ ആസ്ഥാനത്തെ ഐ.ടി സെല്ലിന്റെ അമിതാധികാര പ്രയോഗങ്ങളെന്ന് റിപ്പോര്‍ട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളോട് കമ്മിഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധുവും വിവേക് ജോഷിയും വിയോജനം രേഖപ്പെടുത്തിയതില്‍ പ്രധാനകാരണം ഐ.ടി വിഭാഗം ഡയറക്ടര്‍ ജനറല്‍ സീമ ഖന്നയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതാണ്.
കമ്മിഷണര്‍മാരുടെ വിയോജനക്കുറിപ്പുകളിലൊന്നില്‍ ഗോവയിലെ 97 പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട ഉദാഹരണം വ്യക്തമാക്കുന്നുണ്ട്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അര്‍ഹരെന്ന് കണ്ടെത്തിയ 97 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഫെബ്രുവരി 17 ന് ഗോവ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറായ ഇ.സി.ഐ നെറ്റ് വഴി നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഗോവയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ എട്ട് തവണ ഇ-മെയില്‍ അയക്കുകയും ഐ.ടി സെല്‍ ഡയറക്ടര്‍ ജനറലിന് കത്ത് നല്‍കുകയും ചെയ്‌തെങ്കിലും, ഫെബ്രുവരി 21 ന് പുറത്ത് വന്ന അന്തിമ പട്ടികയില്‍ ഈ 97 പേരും ഉള്‍പ്പെട്ടിരുന്നില്ല.
ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ ഇ.സി.ഐ നെറ്റ് എന്ന കേന്ദ്രീകൃത സോഫ്റ്റ്‌വെറിലെ സാങ്കേതിക തകരാറുകള്‍ കാരണം കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് ലോജിക്കല്‍ ഡിസ്‌ക്രിപന്‍സിയുടെ പേരില്‍ നോട്ടീസ് ലഭിക്കുന്ന സാഹചര്യവുമുണ്ടായി. 2002 ല്‍ എസ്.ഐ.ആര്‍ നടന്ന തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലായിരുന്ന വോട്ടര്‍ പട്ടിക ഇംഗ്ലീഷിലേക്ക് മാറിയപ്പോള്‍ പേരുകളില്‍ വന്ന പൊരുത്തക്കേടാണ് ഇതിന് കാരണം
