ഭിന്നശേഷിക്കാരിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു, വീല്‍ചെയര്‍ തകര്‍ത്തു: എയര്‍ ഇന്ത്യയ്ക്ക് അഞ്ചര ലക്ഷം രൂപ പിഴ

0

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരിയായ യാത്രക്കാരിയോട് അനാദരവ് കാട്ടുകയും വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് അഞ്ചര ലക്ഷം രൂപ പിഴ. കോര്‍ട്ട് ഓഫ് ദ് ചീഫ് കമ്മിഷണര്‍ ഫോര്‍ പഴ്‌സന്‍സ് വിത്ത് ഡിസബിലിറ്റീസ് (സിസിപിഡി കോടതി) ആണ് എയര്‍ ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിച്ചത്. എയര്‍ ഇന്ത്യ 50,000 രൂപ പിഴയായി അടയ്ക്കുന്നതിനൊപ്പം പരാതിക്കാരിയായ ഫാല്‍ഗുനി മഹേശ്വരിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും സിസിപിഡി കമ്മിഷണര്‍ എസ്. ഗോവിന്ദരാജ ഉത്തരവിട്ടു.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഫാല്‍ഗുനി അവിടെ നിന്ന് ഭുജിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ കയറിയപ്പോഴാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായത്. ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര അനുവദിക്കില്ല എന്ന് ആരോപിച്ച് അധികൃതര്‍ ഇവരെ വിമാനത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഇറക്കിവിടുകയായിരുന്നു.

80 ശതമാനം ശാരീരിക വെല്ലുവിള നേരിടുന്ന ഫാല്‍ഗുനി പൂര്‍ണമായും വീല്‍ചെയറിന്റെ സഹായത്തോടെയാണ് യാത്ര ചെയ്യുന്നത്. യാത്രയ്ക്കായി വിമാനത്തില്‍ കയറിയപ്പോള്‍ കാബിന്‍ ക്രൂവിനെ ഏല്‍പിച്ച തന്റെ വീല്‍ചെയര്‍ പിന്നീട് തിരിച്ചുകിട്ടിയപ്പോള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാറിലായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത്, ഭിന്നശേഷിയുള്ള യാത്രക്കാരോട് ജീവനക്കാര്‍ പുലര്‍ത്തുന്ന സമീപനത്തെക്കുറിച്ച് എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്

You might also like