
കുട്ടികളുടെ ആധാര്‍ ബയോമെട്രിക് പുതുക്കല്‍ കാലാവധി നീട്ടി: സൗജന്യ സേവനം 2027 സെപ്റ്റംബര്‍ 30 വരെ
കൊച്ചി: കുട്ടികളുടെ ആധാര്‍ കാര്‍ഡിലെ നിര്‍ബന്ധിത ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഏഴ് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് 2027 സെപ്റ്റംബര്‍ 30 വരെ ഇനി സൗജന്യമായി വിവരങ്ങള്‍ പുതുക്കാം. രാജ്യത്താകമാനം കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം.
കേരളത്തില്‍ മാത്രം ഇനി പത്ത് ലക്ഷത്തോളം കുട്ടികളാണ് ഈ സേവനം പ്രയോജനപ്പെടുത്താനുള്ളത്. കുട്ടികളുടെ വിരലടയാളം, ഇരു കണ്ണുകളുടെയും കൃഷ്ണമണി അടയാളം, പുതിയ ഫോട്ടോ എന്നിവയാണ് ഇതിന്റെ ഭാഗമായി സൗജന്യമായി പുതുക്കി നല്‍കുന്നത്.
കുട്ടികള്‍ക്ക് തുടക്കത്തില്‍ മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആധാര്‍ അനുവദിക്കുന്നത്. ആ സമയത്ത് കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം മാത്രമാണ് എടുക്കാറുള്ളത്. പിന്നീട് അഞ്ച് വയസ തികയുമ്പോഴാണ് വിരലടയാളവും കൃഷ്ണമണിയുടെ അടയാളവും ആദ്യമായി രേഖപ്പെടുത്തുന്നത്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് ഈ അടയാളങ്ങളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് 15-ാം വയസില്‍ വീണ്ടും നിര്‍ബന്ധിത പുതുക്കല്‍ നടത്തുന്നത്.
കൃത്യസമയത്ത് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാതിരുന്നാല്‍ ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ ബയോമെട്രിക് വിവരങ്ങള്‍ കൃത്യമായിരിക്കണം. ഇതിനുപുറമേ വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പുകള്‍, വിവിധ മെഡിക്കല്‍ ആനുകൂല്യങ്ങള്‍, റേഷന്‍ വിഹിതം എന്നിവ ലഭിക്കുന്നതിനും ആധാര്‍ പുതുക്കേണ്ടത് അനിവാര്യമാണ്
