ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾക്ക് കൃത്യമായ ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്ന് ഹൈക്കോടതി

0

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിക്കുന്ന സ്വർണം, രത്നം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്ക് കൃത്യമായ ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്ന് ഹൈക്കോടതി. വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അവയുടെ മൂല്യം, ശുദ്ധി, കാരറ്റ് എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

തൃക്കാക്കര സ്വദേശി എം.കെ. ഹരിദാസ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി പരസ്യപ്പെടുത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന സ്വർണാഭരണങ്ങൾ റിസർവ് ബാങ്കിന്റെ മിന്റിൽ ശുദ്ധീകരിച്ച ശേഷം മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബുള്ളിയൻ ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം കോടതിയെ അറിയിച്ചു. എന്നാൽ, വിലയേറിയ രത്നങ്ങൾ പതിപ്പിച്ച കിരീടങ്ങൾ ഉൾപ്പെടെയുള്ളവ ലഭിച്ച അതേ രൂപത്തിൽ തന്നെ സൂക്ഷിക്കുകയാണെന്നും അവയുടെ തൂക്കം മാത്രമാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും ദേവസ്വം വ്യക്തമാക്കി. ഇതോടെയാണ് വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിച്ചാൽ മാത്രം പോരെന്നും കൃത്യമായ ആസ്തിവിവരപ്പട്ടിക തയാറാക്കണമെന്നും കോടതി കർശനമായി നിർദേശിച്ചത്.

You might also like