
ബിസ്‌ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്‌ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ എഫ്എസ്എസ്എഐ. കുപ്പിവെള്ള സാമ്പിള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിസ്‌ലേരി ഇന്റര്‍നാഷണലിനെതിരെ നിയമ നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് എഫ്എസ്എസ്എഐ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ലാബ് പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റാണ് വെള്ളത്തില്‍ കണ്ടെത്തിയത്. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലം മാറിയില്ല. പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ബ്രോമേറ്റും പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്ന പദാര്‍ഥങ്ങളാണ്.
ബിസ്‌ലേരിക്കു പുറമെ മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മിമാന്‍സ ഇന്‍ഡസ്ട്രീസ്, ആശ കണ്‍ഫെക്ഷണറി തുടങ്ങിയവക്കെതിരെയാണ് നടപടി. ഭക്ഷ്യ-പാനീയ നിര്‍മ്മാതാക്കള്‍ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് നടപടി.
