നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

0

അബൂജ: നൈജീരിയയിലെ സൊകോട്ടോ രൂപതയില്‍ നിന്നും അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയ വയോധിക കത്തോലിക്ക വൈദികന്‍ ഫാ. ജോസഫ് കെകെ മോചിതനായി. സോകോടോ രൂപതയുടെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ക്രിസ് ഒമോട്ടോഷോയാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്. എഴുപത്തിയഞ്ചുകാരനായ ഫാ. കെകെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെയ് 20നു കട്സിന സംസ്ഥാനത്തില്‍ സെന്റ്‌ വിന്‍സെന്റ് ഫെറെര്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച ആയുധധാരികള്‍ മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുണ്ടായിരിന്ന ഫാ. അല്‍ഫോണ്‍സോ ബെല്ലോയെ കൊലപ്പെടുത്തുകയും ഫാ. ജോസഫ് കെക്കേയേ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ഫാ. ബെല്ലോയെ ജൂൺ ഒന്നിന് അടക്കം ചെയ്തു. അതിക്രമ പ്രവർത്തനങ്ങളുടെ ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടിയും കുറ്റവാളികളുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് മാത്യു നഡാഗോസോ മൃതസംസ്കാര വേളയില്‍ പറഞ്ഞിരിന്നു. രാജ്യത്തെ വൈദികര്‍ വെല്ലുവിളി നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ സാഹചര്യത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞു. നൈജീരിയയിലെ സുരക്ഷാ സേനയോട് “ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ” ബിഷപ്പ് ആവശ്യപ്പെട്ടു,

മതഭ്രാന്തന്മാർ, കൊള്ളക്കാർ, തീവ്രവാദികൾ, എകെ 47 ഉപയോഗിക്കുന്ന കാലി വളര്‍ത്തുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ തുടങ്ങിയവരെല്ലാം തന്നെ കുറ്റവാളികളാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കടുത്ത പ്രതിസന്ധിയിലൂടെയാണ് നൈജീരിയായിലെ ക്രൈസ്തവര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഓരോ ദിവസവും നിരവധി ക്രൈസ്തവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നത്.

You might also like