വ്യാജ മതനിന്ദ കേസ്: വധശിക്ഷക്ക് വിധിക്കപ്പെട്ട പാക്ക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് 7 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

0

ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. കീഴ്കോടതി വിധിക്കെതിരെ അപ്പീല്‍ സ്വീകരിച്ച ലാഹോര്‍ ഹൈകോടതി ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് (ജൂണ്‍ 3) ഷഫ്കാത്ത് ഇമ്മാനുവല്‍, ഷാഗുഫ്ത കൗസര്‍ എന്നീ ക്രിസ്ത്യന്‍ ദമ്പതികളുടെ വധശിക്ഷ റദ്ദാക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്തുകൊണ്ട് ഉത്തരവിട്ടത്. കേസ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ രൂക്ഷവിമര്‍ശനത്തിന് കാരണമായതും നിരപരാധികളായ ദമ്പതികളുടെ മോചനത്തില്‍ നിര്‍ണ്ണായകമായി.

2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. കുറ്റവിമുക്തരായ ദമ്പതികള്‍ക്കും അവരുടെ അഭിഭാഷകനും അടിയന്തിര സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ലാഹോര്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മോചിതരായ ഷഫ്കാത്തും, ഷാഗുഫ്തയും അടുത്തയാഴ്ച പുറത്തുവരുമെന്ന്‍ ദമ്പതികളുടെ അഭിഭാഷകനായ സയിഫ്-ഉള്‍-മാലൂക് അറിയിച്ചു. ദമ്പതികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ആസിയാ ബീബിയുടെ വധശിക്ഷ റദ്ദാക്കുവാന്‍ നിയമയുദ്ധം നടത്തിയതും ഇതേ അഭിഭാഷകന്‍ തന്നെയായിരിന്നു.
പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള ടെക്സ്റ്റ് മെസ്സേജ് പ്രാദേശിക ഇമാമിന് അയച്ചു എന്നതാണ് ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ടെക്സ്റ്റ് മെസ്സേജ് താന്‍ കണ്ടുവെന്ന് പറഞ്ഞുകൊണ്ട് ഒരു കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ നിരക്ഷരരായ തങ്ങള്‍ക്ക് മൊബൈല്‍ സന്ദേശം എഴുതുന്നതിനോ അയക്കുന്നതിനോ അറിയില്ലെന്ന് ദമ്പതികള്‍ കോടതിയെ ബോധിപ്പിച്ചിരിന്നു.
ഏറെ വിവാദമായ കേസിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്ത് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ട പാകിസ്ഥാനെ അപലപിച്ചു കൊണ്ട് കഴിഞ്ഞ ഏപ്രിലില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി. പാക്കിസ്ഥാനില്‍ നിന്നും യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ ഇറക്കുമതി തീരുവ ഇളവ് ചെയ്തുകൊണ്ട് പാകിസ്ഥാന് നല്‍കിവരുന്ന ജി.പി.എസ് പദവി പുനപരിശോധിക്കണമെന്ന ആവശ്യവും പാര്‍ലമെന്റില്‍ ഉയര്‍ന്നിരിന്നു. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലമാണ് ഗോജ്റ. ഖുറാനെ അവഹേളിച്ചു എന്നാരോപിച്ച് 2009-ല്‍ രോഷാകുലരായ ജനക്കൂട്ടം ഗോജ്റയിലെ എഴുപത്തിയേഴോളം ക്രിസ്ത്യന്‍ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

You might also like