മഹാമാരിക്കിടയിലും ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണിയേറെ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ വര്‍ദ്ധനവ്

0

 

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്കിടെയിലും ഭാരതത്തിലെ ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ കുറയുന്നതിന് പകരം കൂടുകയാണ് ചെയ്തിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി മാധ്യമ റിപ്പോര്‍ട്ട്. ലോക്ക്ഡൌണ്‍ കാരണം ശിക്ഷിക്കപ്പെടില്ലെന്ന തീവ്രഹിന്ദുത്വവാദികളുടെ ധാരണയും, തെരുവുകളിലെയും കോടതികളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അഭാവവും ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന്‍ പ്രമുഖ ക്രിസ്ത്യന്‍ മാധ്യമമായ യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ചുരുങ്ങിയത് 5 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ആറോളം ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടിട്ടുണ്ടെന്നുമാണ് ഇന്ത്യന്‍ റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ ഇവാഞ്ചലിക്കല്‍ ഫെഡറേഷനും, നാഷണല്‍ ഹെല്‍പ്-ലൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് ക്രിസ്ത്യന്‍ ഏജന്‍സികളും രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് സമൂഹ-വിലക്കേര്‍പ്പെടുത്തിയ ഇരുപത്തിയാറോളം കേസുകളാണ് ഉണ്ടായിരിക്കുന്നത്.

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളും, യാത്രാ വിലക്കുകളും കൃത്യമായ വിവര ശേഖരണത്തിനു പ്രതിബന്ധമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഹിന്ദുത്വരാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമിടുന്ന നിയമങ്ങള്‍ മഹാമാരിക്കിടയില്‍ മതസ്വാതന്ത്ര്യത്തിനു കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന്‍ യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദൂര ഗ്രാമങ്ങളില്‍ പോയി ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങളും, മനുഷ്യാവകാശ പ്രവര്‍ത്തകരും നേരിടുന്ന പരിമിതികളും അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. പകര്‍ച്ചവ്യാധിക്ക് മുന്‍പേ തന്നെ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അലംഭാവം കാണിക്കുന്ന മനോഭാവമാണ് പോലീസ് പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്.

You might also like