ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം 2021

0

വർഷം തോറും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നു. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള ഒരു പോരാട്ടം കൂടിയായാണ് ഭക്ഷ്യസുരക്ഷാദിനം ആചരിക്കുന്നത്. ഭക്ഷ്യരോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും അവബോധം വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ദിനമാണിത്. ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്.
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ ചരിത്രം

ലോകമെമ്പാടുമുള്ള ഭക്ഷ്യജന്യരോഗങ്ങൾ ലഘൂകരിക്കാനും, അവ ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ടാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം അവതരിപ്പിച്ചത്. 2018 ലാണ് ഐക്യരാഷ്ട്ര പൊതുസഭ ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നതിന് തുടക്കമിടുന്നത്.

ആഗോളതലത്തിൽ ഭക്ഷ്യജന്യരോഗങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും, അപകടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക ഓർഗനൈസേഷന്റെയും മറ്റ് അംഗരാജ്യങ്ങളുടെയും സംഘടനകളുടെയും സംയുക്ത സഹകരണ ശ്രമമാണിത്.

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രാധാന്യം
കോവിഡ് 19 പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വളരെയധികം പ്രധാന്യമർഹിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും, കാർഷിക മേഖലകളിൽ ആരോഗ്യകരമായ, ശുചിത്വപരമായ രീതികൾ വളർത്തുന്നതിനും, വിപണിയിലും ഭക്ഷ്യ ഇടപാടുകൾ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2021 ന്റെ പ്രമേയം
‘ആരോഗ്യകരമായ നാളേയ്ക്കായ് ഇന്ന് സുരക്ഷിത ഭക്ഷണം’ എന്നതാണ് 2021 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം. മനുഷ്യർക്കും നമ്മുടെ പരിസ്ഥിതിക്കും ഗുണം ചെയ്യുന്ന ശരിയായ തരത്തിലുള്ള ഭക്ഷണത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഈ പ്രമേയം തിരഞ്ഞെടുത്തിരിക്കുന്നത്.

You might also like