രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; നടപടി വേണമെന്ന് ആവശ്യം

0

 

ദില്ലി: രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവില്‍ ആശങ്ക അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൊവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്ചിതത്വത്തില്‍ കഴിയുകയാണ്. ഇത് നാണപ്പെരുപ്പം ഉയരാന്‍ കാരണമാകും. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചെലവും കൂട്ടുമെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചു.

ഈ സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും റിസര്‍വ്വ് ബാങ്ക് നിര്‍ദേശിച്ചു. എക്‌സൈസ് തീരുവ, സെസ് തുടങ്ങിയവ കുറയ്ക്കാന്‍ കേന്ദ്രവും മൂല്യവര്‍ദ്ധിത നികുതിയായ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

2020 മാര്‍ച്ച് മുതല്‍ 2021 മെയ് വരെ പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസല്‍ ലിറ്ററിന് 16 രൂപയുമാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്. നിലവില്‍ പെട്രോള്‍ ലിറ്ററിന് 32.9 രൂപ, ഡീസല്‍ ലിറ്ററിന് 31.8 രൂപ എന്നിങ്ങനെയാണ് എക്‌സൈസ് തീരുവ.

ഇതിനുപുറമെ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഓരോ സംസ്ഥാനത്തിലും വിലകള്‍ വ്യത്യസ്തമാണ്. ഇതനുസരിച്ച് 30 ശതമാനത്തിനുമേല്‍ വാറ്റ് ഈടാക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും പെട്രോള്‍ വില മൂന്നക്കം കടക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

You might also like