TOP NEWS| അറുപതു കഴിഞ്ഞ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണം: അന്‍വര്‍ സാദത്ത് എംഎല്‍എ
കൊച്ചി: രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ അറുപതു കഴിഞ്ഞ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഒടുവില്‍ നിയമസഭയിലും. കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം, അന്‍വര്‍ സാദത്ത് എംഎല്‍എയാണു കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചത്. സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍നിന്നു വൈദികരും സന്യാസിനിമാരും പുറത്താണെന്നും അതിനു പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു മുന്‍ കാലങ്ങളിലും നിവേദനങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും, നിയമസഭയില്‍ വിഷയം ഉന്നയിക്കപ്പെടുന്നത് ആദ്യമാണ്. സമൂഹത്തിലെ അവശവിഭാഗങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച സന്യസ്തരെ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍നിന്നു മാറ്റിനിര്‍ത്തുന്നത് അനീതിയാണെന്നു സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നു ചൂണ്ടിക്കാട്ടിയിരുന്നു.