TOP NEWS| ഇസ്രായേലിലേക്ക് പുതിയ നയതന്ത്രപ്രതിനിധിയെ പ്രഖ്യാപിച്ച് ബൈഡൻ; തീരുമാനം ഒരു മാസം കാത്തിരുന്ന ശേഷം
വാഷിംഗ്ടൺ: ഇസ്രായേലിലേക്ക് പുതിയ അംബാസഡറെ പ്രഖ്യാപിച്ച് ജോ ബൈഡൻ. വാൾ സ്ട്രീറ്റിലെ പ്രമുഖ ബാങ്കറും മുൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥനുമായിരുന്ന തോമസ് ആർ നൈഡെസിനെയാണ് നിയോഗിച്ചത്. ജോ ബൈഡന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് നൈഡസ്. ഒരു മാസം കാത്തിരുന്ന ശേഷമാണ് നൈഡസ് ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നത്.
ഹമാസിനെതിരെ ഇസ്രായേലിന്റെ ശക്തമായ തിരിച്ചടിയും ഭരണപ്രതിസന്ധിയും ഏതാണ്ട് ഒതുങ്ങിയപ്പോഴാണ് ബൈഡൻ പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ നാലാമത്തെ വലിയ ധനകാര്യസ്ഥാപനമായ മോർഗാൻ സ്റ്റാൻലിയുടെ ഉപമേധാവിയാണ് നൈഡസ്. 2011 മുതൽ 2013 വരെ അമേരിക്കയുടെ ബരാക് ഒബാമ മന്ത്രിസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു നൈഡസ്.
ഇസ്രായേൽ-പാലസ്തീൻ വിഷയത്തിൽ അമേരിക്കയുടെ നിലപാടുകളെ ഏറെ പ്രാധാന്യ ത്തോടെ കാണുന്ന ലോകരാജ്യങ്ങൾ അമേരിക്കയുടെ പ്രതിനിധിയാരാകും എന്ന കാര്യത്തിലും ഏറെ ചർച്ചകൾ നടത്തിയിരുന്നു. ഇസ്രായേൽ അനുകൂല സംഘടനകളും പ്രമുഖ വ്യക്തികളും നൈഡസിന്റെ നിയമനത്തിനെ അഭിനന്ദിച്ചു. അടുത്തിടെ ഉണ്ടായ ഹമാസ് , ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തതും ബൈഡൻ ആയിരുന്നു.