തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, വിവാഹം: മകള്‍ക്ക് നീതി തേടിയുള്ള ക്രൈസ്തവ വിശ്വാസിയായ പിതാവിന്റെ അലച്ചില്‍ വിവരിച്ച് പാക്ക് ദേശീയ മാധ്യമം
ഗുജ്രന്‍വാല: തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ പിതാവ് നീതിയ്ക്കായി അലയുന്നതിന്റെ ജീവിതക്കഥ വിവരിച്ച് പാക്ക് ദേശീയ മാധ്യമമായ ഡോണ്‍. ഗുജ്രന്‍വാലയിലെ ഫിറോസ്‌വാലയിലെ ആരിഫ് ടൌണ്‍ സ്വദേശിയും തയ്യല്‍പ്പണിക്കാരനുമായ ഷാഹിദ് ഗിലാണ് മകള്‍ക്ക് ഉണ്ടായ ക്രൂര അനുഭവത്തില്‍ നീതിക്കായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നത്. പതിമൂന്നുകാരിയായ ഷാഹിദിന്റെ മകളെ വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായ മുസ്ലീം തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം ചെയ്യുകയായിരിന്നു. ഫിറോസ്‌വാല പോലീസില്‍ പരാതി നല്‍കിയിട്ടു പോലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഷാഹിദ് ‘ഡോണ്‍’നോട് വെളിപ്പെടുത്തി.
തന്റെ അയല്‍വാസിയായ (പേര് വെളിപ്പെടുത്തിയിട്ടില്ല) മദ്ധ്യവയസ്കനായ മുസ്ലീമാണ് മകളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്തതെന്നാണ് ഷാഹിദ് പോലീസിനു കൊടുത്ത പരാതിയില്‍ പറയുന്നത്. തട്ടിക്കൊണ്ടുപോയ വ്യക്തിയുടെ മേക്കപ്പ് സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ സെയില്‍സ് ഗേളായി ജോലിചെയ്യുന്ന മകളെ മെയ് 20നാണ് തട്ടിക്കൊണ്ടു പോയതെന്ന് അദ്ദേഹം പറയുന്നു. തന്റെ സാമ്പത്തിക പരാധീനത കാരണമാണ് മകളെ ജോലിക്കയച്ചതെന്നും, കടയുടമയായ അയല്‍വാസിയും ഉള്‍പ്പെടെയുള്ള സ്ത്രീ-പുരുഷന്‍മാരടങ്ങുന്ന ഒരു സംഘത്തിനൊപ്പം മകള്‍ ട്രക്കില്‍ പോകുന്നത് കണ്ടെന്ന് തനിക്ക് വിവരം ലഭിച്ചതായും ഷാഹിദ് കൊടുത്ത പരാതിയില്‍ പറയുന്നുണ്ട്.