കോവിഡ് ബാധിച്ച് മരണപ്പെട്ടവർക്കുവേണ്ടി ബ്രസീലിയന്‍ സഭ നാളെ പ്രാർത്ഥനാദിനം ആചരിക്കും

0

സാവോ പോളോ: കോവിഡ് 19 ബാധിച്ച് മരണപ്പെട്ടവർക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനാചരണത്തിന് ഒരുങ്ങി ബ്രസീലിയന്‍ സഭ. മരിച്ചുപോയ പൗരന്മാരെ ഓർമ്മിക്കാനും, എല്ലാ മനുഷ്യജീവനും വിലയേറിയതാണ് എന്ന സന്ദേശത്തിന് ഊന്നൽ നൽകാനുമാണ് പ്രാർത്ഥനാ ദിനം ആചരിക്കാനുള്ള തീരുമാനം എടുത്തതെന്ന് മെത്രാൻസമിതി പത്രക്കുറിപ്പിൽ കുറിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി നാളെ പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. കൂടാതെ ദൈവകരുണയുടെ മണിക്കൂറായ മൂന്നുമണിക്ക് ദേവാലയ മണികൾ മുഴക്കണമെന്ന് എല്ലാ രൂപതകൾക്കും മെത്രാൻ സമിതി നിർദേശം നൽകി.

പ്രാര്‍ത്ഥനാദിനം പ്രത്യാശ പകർന്നു നൽകുന്ന ഒന്നാണെന്നും, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്നും മെത്രാൻ സമിതിയുടെ ജനറൽ സെക്രട്ടറിയും, റിയോ ഡി ജനീറോ അതിരൂപതയിലെ സഹായമെത്രാനുമായ ജോയൽ പോർട്ടെല്ലോ അമാഡോ പറഞ്ഞു. മരണപ്പെട്ടവരുടെ എണ്ണം കണ്ടു വേദനിക്കുന്ന ആളുകളെല്ലാം വിചിന്തനത്തിന് വേണ്ടി പ്രാർത്ഥനാദിനത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അടിസ്ഥാന സൗകര്യം ഇല്ലാത്തതിന്റെ കാരണത്താലും, വാക്സിൻ ലഭിക്കാത്തതിന്റെ കാരണത്താലും മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരോടുള്ള ഐക്യദാർഢ്യമാണ് സഭ കാണിക്കുന്നതെന്നു ഫാ. ജോയൽ പോർട്ടെല്ലോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബ്രസീലിൽ ഇതുവരെ ഒന്നേമുക്കാല്‍ കോടി കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചുലക്ഷത്തോളം പേര്‍ മരണമടഞ്ഞു.

You might also like