ആരാധനാലയങ്ങള്‍ തുറക്കണം: ആവശ്യം ആവര്‍ത്തിച്ച് ക്രൈസ്തവ സംഘടനകള്‍
കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവാദം നല്‍കണമെന്നു ആവശ്യപ്പെട്ട് വീണ്ടും ക്രൈസ്തവ സംഘടനകള്‍. കോവിഡ് നിയന്ത്രണങ്ങളനുസരിച്ചും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. കോവിഡിന്റെ പ്രത്യാഘാതങ്ങളില്‍പ്പെട്ടു വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ രൂപീകരിച്ച കത്തോലിക്ക കോണ്‍ഗ്രസ് കോവിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതോടെ ഇടവകതലത്തില്‍ കൂടുതല്‍ വിപുലമാക്കും.
കോവിഡ് അതിജീവനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കത്തോലിക്ക കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലും വ്യക്തമാക്കി. ഭാരവാഹികളായ ബെന്നി ആന്റണി, ജോസുകുട്ടി മാടപ്പള്ളി, ഐപ്പച്ചന്‍ തടിക്കാട്ട്, വര്‍ഗീസ് ആന്റണി, റിന്‍സണ്‍ മണവാളന്‍, ബേബി പെരുമാലില്‍, വര്‍ക്കി നിരപ്പേല്‍, ചാക്കോച്ചന്‍ കാരമയില്‍, ബാബു കദളിമറ്റം, ചാര്‍ളി മാത്യു, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഒന്നര മാസത്തിലേറെക്കാലമായി ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇതില്‍ മാറ്റം വേണമെന്നും സീറോ മലബാര്‍ സഭാ കുടുംബക്കൂട്ടായ്മ പ്രസ്താവിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങളെ മാത്രം ഒഴിവാക്കിയത് നിരാശാജനകമാണ്. മാനദണ്ഡങ്ങള്‍ യഥാക്രമം പുതുക്കി ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സീറോ മലബാര്‍ സഭാ കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ റവ. ഡോ.ലോറന്‍സ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.