കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയം: മന്ത്രി ഡോ.ആര്‍.ബിന്ദു

0

 

 

ചങ്ങനാശേരി: കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നല്‍കിയ സേവനങ്ങള്‍ അവിസ്മരണീയമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു. ചങ്ങനാശേരി സെന്റ് ബെര്‍ക്ക്മാന്‍സ് കോളജിന്റെ ശതാബ്ദി ആഘോഷ വിളംബരദീപം തെളിയിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രവും സമൂലവുമായ അഴിച്ചുപണി അനിവാര്യമാണെന്നും സംസ്ഥാനത്തെ പഴക്കംചെന്ന സര്‍വകലാശാലാ ചട്ടങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് പൊളിച്ചെഴുതിയാല്‍ മാത്രമേ വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കത്തക്കവിധം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കൂയെന്നും മന്ത്രി പറഞ്ഞു.

സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ക്കനുസരിച്ചു വെല്ലുവിളികളും ഉയരുന്നുണ്ട്. ചെലവു കുറഞ്ഞതും ഗുണപരമായതും തൊഴിലധിഷ്ഠിതവുമായ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് നൂറുവര്‍ഷമായി അമൂല്യസംഭാവനകള്‍ നല്‍കുന്ന എസ് ബി കോളജ് ദക്ഷിണകേരളത്തിലെ യശസ്തംഭമാണെന്നും എസ് ബിയിലെ പൂര്‍വവിദ്യാര്‍ഥികളുടെ കണക്കെടുപ്പില്‍ ഇതുവ്യക്തമാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു ശതാബ്ദി ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാര്‍ ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ അവകാശമെന്ന നിലയില്‍ നീതിക്കും സത്യത്തിനും ധാര്‍മികതയ്ക്കും അനുസൃതമായ വിദ്യാഭ്യാസസേവനമാണ് െ്രെകസ്തവ സഭ നിര്‍വഹിക്കുന്നതെന്നും, നിസ്വാര്‍ഥ സേവനത്തിലൂടെ സമൂഹത്തിന്റെ നന്മ മാത്രമാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്നും മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണവും ശതാബ്ദി സ്മാരകമായി ഏര്‍പ്പെടുത്തിയ100 സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും നിര്‍വഹിച്ചു. എസ് ബി കോളജ് രൂപകല്‍പ്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്റെ സ്വിച്ച്ഓണ്‍ കര്‍മം കൊടിക്കുന്നില്‍ സുരേഷ് എംപിയും വാര്‍ത്താപത്രികയുടെ പ്രകാശനവും മാര്‍ കാളാശേരി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും ജോബ് മൈക്കിള്‍ എംഎല്‍എയും നിര്‍വഹിച്ചു. ചെറിയതുണ്ടം സ്‌കോളര്‍ഷിപ്പുകളുടെ സമര്‍പ്പണം മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയുള്ള ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയും ശതാബ്ദിയോടനുബന്ധിച്ചു കോളജില്‍ സ്ഥാപിക്കുന്ന അന്തര്‍ വൈജ്ഞാനിക ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.പ്രഗാഷും നിര്‍വഹിച്ചു.

കോളജ് മാനേജര്‍ മോണ്‍. തോമസ് പാടിയത്ത്, കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ്, വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ജിജന്‍, കോളജ് അലുംമ്‌നി മദര്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എന്‍.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു. കവിയും നോവലിസ്റ്റും ഗാനരചയിതാവുമായ ഡോ. മനോജ് കുറൂര്‍ രചിച്ച് ശ്രീവത്സന്‍ മേനോന്‍ ചിട്ടപ്പെടുത്തിയ എസ്ബി കോളജ് ശതാബ്ദിഗാനം കോളജ് ഗായകസംഘം ആലപിച്ചു.

You might also like