ന്യൂയോര്‍ക്കില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥ: അരുളിക്ക മോഷണം പോയി

0

 

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സിലെ സെന്റ്‌ ബര്‍ണബാസ് കത്തോലിക്ക ദേവാലയത്തില്‍ നിന്നും അരുളിക്ക മോഷണം പോയി. $10,000 വിലവരുന്ന അരുളിക്കയാണ് മോഷണം പോയിരിക്കുന്നത്. ജൂണ്‍ 25ന് ദേവാലയത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഏതാണ്ട് ഒരുമണിക്കൂറോളം ദേവാലയത്തിനുള്ളില്‍ ചിലവഴിച്ച ശേഷമാണ് ഏറ്റവും താഴത്തെ നിലയില്‍ പോയി അരുളിക്ക മോഷ്ടിച്ചതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മോഷണ സമയത്തു തിരുവോസ്തി അരുളിക്കയില്‍ ഇല്ലായിരിന്നുവെന്നു ദേവാലയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹായം പോലീസ് തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ന്യൂയോര്‍ക്ക് നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ നടന്ന നിരവധി ആക്രമണ പരമ്പരകളില്‍ ഒടുവിലത്തേതാണ് സെന്റ്‌ ബര്‍ണബാസ് കത്തോലിക്കാ ദേവാലയത്തിലെ മോഷണം. ക്വീന്‍സിലെ സെന്റ്‌ അഡാല്‍ബെര്‍ട്ട് ഇടവക ദേവാലയാങ്കണത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം രണ്ടായി തകര്‍ത്തത് ഇക്കഴിഞ്ഞ മെയ് 28നാണ്. മെയ് 15ന് രൂപതാ കാര്യാലയത്തിന് പുറത്തുണ്ടായിരുന്ന ഉണ്ണിയേശുവുമൊത്തുള്ള ദൈവമാതാവിന്റെ രൂപവും അജ്ഞാതര്‍ വികൃതമാക്കിയിരിന്നു. ബ്രൂക്ക്ലിന്‍ നഗരത്തിലെ സെന്റ്‌ അത്തനാസിയൂസ് ദേവാലയത്തിലെ കുരിശുരൂപം മറിച്ചിട്ട നിലയില്‍ കണ്ടെത്തിയതും, മസ്സാച്ചുസെറ്റ്സിലേയും, നാരഗാന്‍സെറ്റ് റോഡെ ദ്വീപിലെ സെന്റ്‌ തോമസ്‌ മൂര്‍ ദേവാലയത്തിലേയും തിരുഹൃദയ ക്രിസ്തുരൂപത്തിന്റെ ശിരസ്സും കരങ്ങളും വിരലുകളും തകര്‍ക്കപ്പെട്ടതും മെയ് മാസത്തില്‍ തന്നെയാണ്.

You might also like