TOP NEWS| അമേരിക്കയിലെ നോഹയുടെ പേട്ടക നിര്‍മ്മിതിയ്ക്ക് സമീപം ബാബേല്‍ ഗോപുരവും ഒരുങ്ങുന്നു

0

 

അമേരിക്കയിലെ നോഹയുടെ പേട്ടക നിര്‍മ്മിതിയ്ക്ക് സമീപം ബാബേല്‍ ഗോപുരവും ഒരുങ്ങുന്നു

കെന്റക്കി: പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ സംഘടനയായ ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ (എ.ഐ.ജി) കെന്റക്കിയില്‍ നിര്‍മ്മിച്ച പ്രശസ്തമായ ആര്‍ക്ക് എന്‍കൗണ്ടറിന് മറ്റൊരു തിലകക്കുറിയായി നോഹയുടെ പെട്ടകത്തിന് പുറമേ ബാബേല്‍ ഗോപുരം കൂടി വരുന്നു. മ്യൂസിയത്തിന്റെ അഞ്ചാമത് വിപുലീകരണത്തിന്റെ ഭാഗമായാണ് ബൈബിളിലെ പഴയ നിയമത്തില്‍ വിവരിച്ചിരിക്കുന്ന ബാബേല്‍ ഗോപുര മാതൃക നിര്‍മ്മിക്കുവാന്‍ എ.ഐ.ജി പദ്ധതിയിടുന്നത്. കെന്റക്കിയിലെ തങ്ങളുടെ പാര്‍ക്കില്‍ ബാബേല്‍ ഗോപുര മാതൃകയുടെ രൂപകല്‍പ്പനയും ബന്ധപ്പെട്ട ഗവേഷണങ്ങളും ഈ ആഴ്ച ആരംഭിക്കുമെന്ന് സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ധനസമാഹരണത്തിലൂടെയായിരിക്കും ബാബേല്‍ ഗോപുര മാതൃകയുടെ നിര്‍മ്മാണത്തിന് വേണ്ട പണം കണ്ടെത്തുക.

എല്ലാ മനുഷ്യവംശങ്ങളും ഒരു ജൈവ വംശത്തില്‍ നിന്നും എങ്ങനെ വികസിച്ചുവെന്ന് കാണിക്കുക വഴി ഇന്ന് നിലനില്‍ക്കുന്ന വംശീയ പ്രശ്നങ്ങള്‍ക്കുള്ള ഒരു മറുപടി കൂടിയായിരിക്കും ബാബേല്‍ ഗോപുര മാതൃക എന്നാണ് സംഘാടകര്‍ പറയുന്നത്. ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്ന ജെറുസലേം എപ്രകാരമായിരുന്നു എന്നുള്ളതിന്റെ ഒരു ഇന്‍ഡോര്‍ മാതൃകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടിയാണെന്ന ബൈബിള്‍ വിവരണത്തിന്റെ പ്രചാരണമെന്ന ലക്ഷ്യവുമായാണ് ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലയിലേക്ക് കാലെടുത്തുകുത്തുന്നത്.

2007-ല്‍ സ്വകാര്യ സംഭാവനകള്‍ വഴി സ്വരൂപിച്ച 2.7 കോടി ഡോളര്‍ ചിലവഴിച്ചാണ് ക്രിയേഷന്‍ മ്യൂസിയം എന്ന്‍ കൂടി അറിയപ്പെടുന്ന ആര്‍ക്ക് എന്‍കൗണ്ടര്‍ നിര്‍മ്മിച്ചത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതിന് സമാനമായി 510 അടി (155 മീറ്റര്‍) നീളത്തിലാണ് പെട്ടകം നിര്‍മ്മിച്ചിരിക്കുന്നത്. ബാബേല്‍ ഗോപുര മാതൃകയുടെ ഗവേഷണത്തിനും, രൂപകല്‍പ്പനയ്ക്കും, നിര്‍മ്മാണത്തിനുമായി ഏതാണ്ട് 3 വര്‍ഷങ്ങളോളം എടുക്കുമെന്നാണ് എ.ഐ.ജി സ്റ്റാഫ് നല്‍കുന്ന വിശദീകരണം. അമേരിക്കയിലെ ദേശീയ ടൂറിസത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും മ്യൂസിയം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും വലിയ കുറവില്ലെന്നും ശനിയാഴ്ചകളില്‍ ശരാശരി 7,000 സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ടെന്നുമാണ് ആന്‍സ്വേഴ്സ് ഇന്‍ ജനസിസ് സ്ഥാപകനായ കെന്‍ ഹാം പറയുന്നത്.

You might also like