ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി നാലാം നിലയിൽ നിന്ന് ഊർന്നിറങ്ങി: പെർത്ത് ക്വാറന്റൈൻ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടയാൾക്കെതിരെ കേസ്

0

പെർത്തിലെ ക്വാറന്റൈൻ ഹോട്ടലിലിന്റെ നാലാം നിലയിൽ നിന്ന് ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടിയ ശേഷം അവ താഴേക്ക് ഇട്ട്, അതിലൂടെ നാലാം നിലയിലെ ജനാലയിൽ നിന്ന് ഊർന്നിറങ്ങി രക്ഷപ്പെട്ടയാൾക്കെതിരെ പോലീസ് കേസെടുത്തു.

ബ്രിസ്‌ബൈനിൽ നിന്ന് പെർത്തിലെ വെസ്റ്റ് കോസ്റ്റ് നഗരത്തിൽ എത്തിയ 39 കാരനാണ് റിവർഡെയ്‌ൽ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്.

പെർത്തിലേക്ക് എത്താൻ ഇളവുകൾ അഭ്യർത്ഥിച്ചുകൊണ്ടുള്ള ഇയാളുടെ അപേക്ഷ നിരസിച്ചിരുന്നു. ഇതേതുടർന്ന് 48 മണിക്കൂറിൽ സംസ്ഥാനം വിട്ട് പോകണമെന്നാണ് അധികൃതർ ഇയാൾക്ക് നൽകിയ നിർദ്ദേശം.

ഇതിനായുള്ള വിമാനത്തിനായി ഹോട്ടലിൽ കാത്തിരിക്കുന്നതിനിടെയാണ് ഇവിടെ നിന്ന് 39 കാരൻ രക്ഷപ്പെട്ടത്.

ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടിയ ശേഷം അവ താഴേക്ക് ഇട്ട്, അതിലൂടെ നാലാം നിലയിലെ ജനാലയിൽ നിന്ന് ഊർന്നിറങ്ങിയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അറിയിച്ചു. ഇതിന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.

ചൊവ്വാഴ്ച വെളുപ്പിനെ ഒരു മണിയോടെ രക്ഷപ്പെട്ട ഇയാളെ, എട്ട് മണിക്കൂർ നീണ്ട തിരച്ചിലിന് ശേഷം വടക്കൻ പെർത്തിലെ മൗണ്ട് ലോലിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.

ഓസ്‌ട്രേലിയയിൽ ക്വാറന്റൈൻ ഹോട്ടലിൽ നിന്ന് ആളുകൾ രക്ഷപ്പെട്ട ഒന്നിലേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കെയിൻസിലെ ക്വാറന്റൈൻ ഹോട്ടലിൽ നിന്ന് വാതിൽ ചവിട്ടി തുറന്ന് രണ്ടാം നിലയിലെ ബാൽക്കണി വഴി ഒരു സ്ത്രീ രക്ഷപ്പെട്ട സംഭവം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. 22 കാരിയായ സ്ത്രീയിൽ നിന്ന് 2,500 ഡോളർ പിഴ ഈടാക്കിയിരുന്നു.

കൂടാതെ കെയിൻസിലെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച 29 കാരനായ വിക്ടോറിയക്കാരന് പരിക്കേറ്റിരുന്നു. ആലിസ് സ്പ്രിംഗ്സിലെ ക്വാറന്റൈനെ സംവിധാനത്തിന്റെ മതിൽ ചാടിക്കടന്ന് സഹോദരിമാർ രക്ഷപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

You might also like