സര്‍ക്കാരിന് തിരിച്ചടി; നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവന്‍കുട്ടിയടക്കം ആറുപ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെ കേസിലെ ആറുപ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്‍്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എം.എല്‍.എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്ബുകള്‍ ലംഘിച്ചതായി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, കെടി ജലീല്‍ എംഎല്‍എ മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞമ്മദ്, ഇപി ജയരാജന്‍, സികെ സദാശിവന്‍, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് നേതാക്കളാണ് ഇതോടെ വിചാരണ നേരിടേണ്ടി വരുന്നത്.
സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ല. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു. ജനപ്രതിനിധികള്‍ക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കൈയ്യാങ്കളി കേസിനപ്പുറം നിയമസഭകളുടേയും പാര്‍ലമെന്‍്റിന്‍്റയും അതിലെ അംഗങ്ങളുടേയും സവിശേഷ അധികാരങ്ങള്‍ കൂടി പുനര്‍നിര്‍ണയിക്കുന്നതാണ് സുപ്രീംകോടതിയില്‍ നിന്നും വരുന്ന വിധി.