കൊറോണ വൈറസ് രാഷ്ട്രങ്ങളേയും, സമൂഹത്തേയും, സഭകളേയും പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചു! ദൈവം പെട്ടെന്ന് ജനപ്രിയനായി, ചിലര്‍ക്ക് ദൈവവും, ദൈവമനുഷ്യരും പുഛ്ഛമായി. മതചിന്തയുള്ളവരും, ഇല്ലാത്തവരും ഒരുപോലെ പ്രാര്‍ത്ഥനയില്‍ ആശ്രയിക്കുന്നു. ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കുന്നു… അല്ലാത്തപക്ഷം പ്രാര്‍ത്ഥനയ്ക്കായി ജനക്കൂട്ടത്തിന്റെ കവിഞ്ഞൊഴുക്ക് പ്രതീക്ഷിക്കാമായിരുന്നു.
ക്രിസ്തീയ സമൂഹത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു വേദഭാഗമാണ് യെഹസ്‌കേല്‍ 22:30 ; “ഞാന്‍ ദേശത്തെ നശിപ്പിക്കാത്തവണ്ണം അതിനു മതില്‍ കെട്ടി. എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ആരേയും കണ്ടില്ലതാനും! ” ആത്മീയ കൂട്ടായ്മകളിലും ഈ വേദഭാഗം ഒരു വിലാപമായി ഉയരാറുണ്ട്! ഇന്നത്തെ സാഹചര്യത്തിലും ഈ വേദഭാഗത്തിനു പ്രസക്തിയുണ്ട്.
എന്തുകൊണ്ടാണ് ദൈവം ഈ പ്രസ്താവന നടത്തിയതെന്നറിയാന്‍ യെഹസ്‌കേൽ 22:35 ന്റെ സന്ദര്‍ഭം മനസ്സിലാക്കിയാല്‍ മതി. ദൈവം അവിടെ ഉയര്‍ത്തുന്ന പ്രഥമ പരാതി പ്രവാചകന്മാര്‍ക്കെതിരെയാണ്, തുടര്‍ന്ന് പുരോഹിതരേയും, ജനങ്ങളേയും പരാമര്‍ശിച്ചിരിക്കുന്നു.
പ്രവാചകന്മാര്‍ക്കെതിരായ ദൈവത്തിന്റെ പരാതി, സമാധാനം ഇല്ലാതിരിക്കുമ്പോള്‍ അവര്‍ സമാധാനം എന്നു പറഞ്ഞ് ജനത്തെ വശീകരിച്ചു ഒരു വന്‍മതില്‍ കെട്ടുന്നു. അവര്‍ ആ മതിലിനെ പാകമാകാത്ത കുമ്മായം ഉപയോഗിച്ച് മിനുക്കുന്നു. (യെഹ 13:4:5,10)
ദൈവമൊ അവരെ “കുറുക്കന്” എന്നു വിളിക്കുന്നു. അവര്‍ വ്യാജം ദര്‍ശിച്ചും, കള്ളപ്രവചനം പറഞ്ഞും യഹോവ അരുളി ചെയ്യാതിരിക്കെ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ട് അവര്‍ക്ക് കുമ്മായം പൂശുന്നു. (യെഹ 22:28)
രണ്ടാമതായി, പുരോഹിതന്മാര്ക്കെതിരെയുള്ള കുറ്റം; “അവര്‍ ന്യായപ്രമാണത്തോട് ദ്രോഹം ചെയ്ത് എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു, അവര്‍ ശുദ്ധവും, അശുദ്ധവും തമ്മില്‍ വേര്‍പിരിക്കുന്നില്ല……” (യെഹ, 22:26) അവര്‍ പാരമ്പര്യങ്ങളെ ദൈവകല്‍പ്പനക്ക് പകരംവെച്ചു. (മത്താ. 15: 6-9)
മൂന്നാമതായി, പ്രഭുക്കന്മാര്‍ അഴിമതിക്കാരായ ദേശീയ നേതാക്കള്‍ ആണ്. ദൈവം അവരെ “ചെന്നായ്ക്കള്‍” എന്നു വിളിക്കുന്നു. “അവര്‍ രക്തം ചൊരിയുവാനും, ദേഹികളെ നശിപ്പിക്കുവാനും നോക്കുന്നു” (യെഹ 22:27). എപ്പോഴും ചൂഷണത്തിനും, അഴിമതിക്കും, ചോരയ്ക്കും കൊതിക്കുന്നവരാണ് ചെന്നായ്ക്കള്‍.
ഒടുവിലായി, ജനത്തിനെതിരെ സംസാരിക്കുന്നു. അവര്‍ പിടിച്ചുപറിക്കുകയും, എളിയവനേയും ദരിദ്രരേയും ഉപദ്രവിക്കുകയും പരദേശിയെ അന്യായമായി പിഡിപ്പിക്കുകയും ചെയ്യുന്നു (യെഹ 22:26) ഇന്നത്തെ ജനസമൂഹത്തിന്റെ ഒരു നേര്‍ചിത്രം ഇതുതന്നെയല്ലേ!
പ്രവാചകയാരുടേയും, പുരോഹിതന്മാരുടേയും, പ്രഭൂക്കന്മാരുടേയും, ജനങ്ങളുടേയും തെറ്റായ പ്രവര്‍ത്തി ചുണ്ടിക്കാണിച്ച ശേഷം യഹോവ അരുളി ചെയ്യുന്നു. “അവരുടെ ഇടയില്‍ നിന്ന് ഒരാളെ ഇടുവിന്‍ (വിള്ളലില്‍) നില്‍ക്കുവാന്‍ ഞാന്‍ അന്വേഷിച്ചു.” (യെഹ 22:30)
ഈ നാലു വിഭാഗങ്ങളിലും ഒരുപോലെ വേറിട്ടു നിൽക്കുന്ന ഒരു പാപം “അനുകമ്പ“യുടെ അഭാവമാണ്. കര്‍ത്താവിന്റെ സ്ഥായിയായ ഭാവം ജനത്തോടുള്ള അനുകമ്പ ആയിരുന്നു. നാം ഇത് യഥാസ്ഥാനത്താക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാര്‍ത്ഥനകള്‍ എത്ര ദൈര്‍ഘ്യമേറിയത് ആയാലും ദൈവത്തിന് അത് സ്വീകാര്യമല്ല.
ദൈവത്തില്‍ നിന്ന് സ്പഷ്ടമായ സന്ദേശമുളള യെശയ്യാ പ്രവാചകന്‍ പറയുകയാണ്, “നിങ്ങളുടെ കൈകള്‍ മലര്‍ത്തുമ്പോള്‍ ഞാന്‍ കണ്ണ് മറച്ചു കളയും, നിങ്ങള്‍ എത്ര പ്രാര്‍ത്ഥിച്ചാലും ഞാന്‍ കേള്‍ക്കുകയില്ല. നിങ്ങളുടെ കൈ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനാഥനും വിധവയ്ക്കും വേണ്ടി വ്യവഹരിപ്പിന്‍ ” (യെശയ്യാ 1: 15 – 17)
ഈ പ്രത്യേക സാഹചര്യത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പുതുക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരെ ദൈവത്തിന് ആവശ്യമുണ്ട്. ചില ദിവസങ്ങളോ, ആഴ്ചകളോ, ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ഉപവസിക്കുന്നത്, പ്രാര്‍ത്ഥനയുടെ ഒരു വശം മാത്രമാണ്. ദൈവം ഉപവാസത്തില്‍ നാം ചെയ്യേണ്ടത് “7” കാര്യങ്ങള്‍ കൊണ്ട് നിര്‍വ്വചിച്ചിരിക്കുന്നു. യെശയ്യാ 58: 5-7
- അന്യായബന്ധനങ്ങളെ അഴിക്കുക.
- നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക.
- പീഡിതനെ സ്വതന്ത്രമായി വിട്ടയക്കുക.
- എല്ലാ നുകത്തേയും തകര്‍ക്കുക.
- വിശപ്പുള്ളവന് നിന്റെ അപ്പം നുറുക്കികൊടുക്കുക.
- സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തു കൊള്ളുക.
- നഗ്നനെ ഉടുപ്പിക്കുക.
നാം ഉപവസിക്കുമ്പോള്‍ ഈ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാറുണ്ടോ? നമ്മുടെ പ്രാര്‍ത്ഥനാ ബലിപീഠങ്ങളെ ക്രമീകരിക്കാന്‍ ഈ ദേശീയ ലോക്ഡൗൺ നമുക്ക് അവസരം നല്‍കിയിരിക്കുന്നു. ഏലിയാ പ്രവാചകന്‍ ഓരോ ഗോത്രത്തേയും പ്രതിനിധീകരിച്ച്, പന്ത്രണ്ട് കല്ലുകള്‍ കൊണ്ട് യാഗപീഠം പുനര്‍ നിര്‍മ്മിച്ചതു പോലെ (1രാജ 18 : 30,31) വ്യക്തികളായി സഭയായി ദൈവം ആഗ്രഹിക്കുന്ന തരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഒരാളായി ദൈവത്തിനായിഇടുവില്‍ നിൽക്കാം.