വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം; മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് കോവിഡ് വാക്സിനെത്തും. ഇതോടെ സംസ്ഥാനം നേരിടുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാകും.
ബുധനാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വാക്‌സിനേഷന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും വാക്‌സിന്‍ ക്ഷാമം കാരണം ചൊവ്വാഴ്ച പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളില്‍ വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നിട്ടുണ്ട്. വാക്‌സിന്‍ സ്റ്റോക്കുള്ള കേന്ദ്രങ്ങളില്‍ പൂര്‍ണമായും നല്‍കി തീര്‍ക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞം വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുക.