ജാഗ്രതയോടെ ഓണം; സംസ്ഥാനത്ത് 414 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവാര രോഗവ്യാപനത്തോത് (ഐ.പി.ആര്‍) എട്ടിന് മുകളിലുള്ള വാര്‍ഡുകളുടെ എണ്ണത്തില്‍ കുറവ്. 634 വാര്‍ഡുകളായിരുന്നത് 414 ആയി ചുരുങ്ങി. പ്രസ്തുത മേഖലകളില്‍ ഓണക്കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ തന്നെയാണ് നിയന്ത്രണങ്ങളുള്ള വാര്‍ഡുകള്‍ എണ്ണവും കൂടുതല്‍. 99 വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍. കോഴിക്കോട് 83 ഇടങ്ങളിലും രോഗവ്യാപനത്തോത് എട്ടിന് മുകളിലാണ്.
തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ നഗരസഭയിലെ 28-ാം വാര്‍ഡില്‍ മാത്രമാണ് കോവിഡ് നിയന്ത്രണമുള്ളത്. കൊല്ലത്തും പത്തനംതിട്ടയിലും രണ്ട് വീതം വാര്‍ഡുകളിലും കൂടുതല്‍ കേസുകളുണ്ട്.
കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നിയന്ത്രണങ്ങളില്ല. എന്നാല്‍ എറണാകുളം ജില്ലയില്‍ 50 വാര്‍ഡുകളിലാണ് ഐ.പി.ആര്‍ എട്ടിന് മുകളിലുള്ളത്.
അതേസമയം, ഐ.പി.ആര്‍ നിരക്ക് എട്ടിന് മുകളില്‍ ഇതുവരെ രേഖപ്പെടുത്താതിരുന്ന ഇടുക്കി ജില്ലയില്‍ 27 വാര്‍ഡുകളിലാണ് കര്‍ശന നിയന്ത്രണങ്ങളുള്ളത്. അയ്യപ്പന്‍കോവില്‍, കുമാരമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളില്‍ മുഴുവനായും അടച്ചിടും.