TOP NEWS| രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ; മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

0

 

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ; മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

ദില്ലി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറിലുണ്ടാകുമെന്ന് മുന്നറിയിപ്പ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി. മൂന്നാം തരംഗത്തെ നേരിടാന്‍ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുതിർന്നവരെപ്പോലെ കുട്ടികളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം രൂപീകരിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്. കുട്ടികളില്‍ രോഗവ്യാപനമുണ്ടായാല്‍ നേരിടാന്‍ ഡോക്ടർമാർ, ജീവനക്കാർ, വെന്‍റിലേറ്ററുകൾ, ആംബുലൻസ് മുതലാവ ആവശ്യത്തിനില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംസ്ഥാനങ്ങൾ കുട്ടികൾക്കുള്ള കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കണം. മറ്റ് രോഗങ്ങളുള്ള കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ശിശുരോഗവിദഗ്ധരുടെ 82% കുറവുണ്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിൽ 63% ഒഴിവുകളാണുള്ളത്. ഇത് സംബന്ധിച്ച് വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കോവിഡ് തരംഗങ്ങളിൽ നിന്ന് പാഠം പഠിച്ച് തയ്യാറെടുപ്പ് നടത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

You might also like