ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് അന്തരിച്ചു
റാന്നി: മലങ്കര കത്തോലിക്ക സഭയുടെ ഗുരുഗ്രാം ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസ് (60) അന്തരിച്ചു. കോവിഡ് അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കബറടക്ക ചടങ്ങുകള്‍ ശനിയാഴ്ച ഡല്‍ഹി നെബ്സരായ് സെന്‍റ് മേരീസ് കത്തീഡ്രലില്‍ നടക്കും.
1960 ഡിസംബര്‍ 3 ന് പത്തനംതിട്ട റാന്നിയിലെ കരിക്കുളത്ത് ഏറത്ത് കുടുംബത്തിലെ ഗീവര്‍ഗീസിന്‍റെയും റേച്ചലിന്‍റെയും മകനായാണ് ജനനം. മൂന്ന് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉള്ള കുടുംബത്തിലെ എട്ട് പേരില്‍ മൂത്തയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മൂന്ന് സഹോദരിമാര്‍ കന്യാസ്ത്രീകളാണ് .