TOP NEWS| ഫാഷന്‍ വേണ്ടെന്ന് താലിബാൻ, നൈലോൺ ബുർഖയുമായി ചൈന; അഫ്ഗാൻ വസ്ത്ര വിപണിയുടെ ഭാവിയെന്ത് ?
1980 കാലഘട്ടം. മുറിപ്പാവാടകളും ഫ്രോക്കുകളും ടീ ഷർട്ടുകളുമിട്ട് അഫ്ഗാൻ തെരുവുകളിലൂടെ നടന്നുനീങ്ങിയിരുന്ന സുന്ദരികൾ. ജീൻസും കോട്ടും കൂളിങ് ഗ്ലാസുകളുമായി കാറിൽ ചെത്തിനടന്ന യുവാക്കൾ. ഫാഷൻ ലോകത്തേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾ കാലൂന്നുന്നതിനു മുൻപേ പാശ്ചാത്യ ഫാഷൻ ട്രെൻഡുകൾ പരീക്ഷിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു അഫ്ഗാൻ ജനതയ്ക്ക്. സോവിയറ്റ് യൂണിയന്റെ സ്വാധീനമായിരുന്നു ഒരു പരിധി വരെ അഫ്ഗാനികളുടെ ഫാഷൻ താൽപര്യങ്ങളെ സ്വാധീച്ചിരുന്നത്. അമേരിക്കയിലും സോവിയറ്റ് യൂണിയനിലുമുള്ള വസ്ത്രധാരണ രീതികൾ അതേപടി പകർത്തിയിരുന്നു അഫ്ഗാനികൾ. പക്ഷേ, 1996 ൽ താലിബാൻ അധികാരത്തിലെത്തിയതോടെ പൂട്ടുവീണത് അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യത്തിനൊപ്പം അവരുടെ ഫാഷൻ സ്വപ്നങ്ങൾക്കു കൂടിയായിരുന്നു. 2001 ൽ താലിബാൻ പിൻവാങ്ങിയതോടെ അഫ്ഗാനിൽ വീണ്ടും ഫാഷൻ വസന്തം തളിരിടാൻ തുടങ്ങി. എന്നാൽ പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ അവർക്കു സാധിച്ചില്ല. യുദ്ധങ്ങൾകൊണ്ട് കലുഷിതമായ അഫ്ഗാന് മറ്റെന്തിനെക്കാളും പ്രധാനം അതിജീവനമായിരുന്നു. 20 വർഷത്തിനിപ്പുറം വീണ്ടും താലിബാൻ പിടിമുറുക്കുമ്പോൾ അഫ്ഗാനിലെ ഫാഷൻ മേഖല വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്.