TOP NEWS| തുര്‍ക്കിയില്‍ കല്ലറകള്‍ക്കും രക്ഷയില്ല: അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു

0

 

തുര്‍ക്കിയില്‍ കല്ലറകള്‍ക്കും രക്ഷയില്ല: അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള വാന്‍ പ്രവിശ്യയിലെ ടുസ്ബ ജില്ലയിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സെമിത്തേരിയിലെ ശവകല്ലറകളാണ് തകര്‍ത്തത്. കല്ലറയിലെ സ്മാരക ശിലകളും എല്ലുകളും സെമിത്തേരിയിലാകെ ചിതറികിടക്കുകയാണ്. ബുള്‍ഡോസറുമായി സെമിത്തേരിയില്‍ അതിക്രമിച്ചു കയറിയ സംഘം കല്ലറകള്‍ മനപൂര്‍വ്വം തകര്‍ത്തതാണെന്നാണ് പ്രദേശവാസികളായ ദൃക്സാക്ഷികള്‍ പറയുന്നത്. പ്രതിപക്ഷ കക്ഷിയായ ‘പ്രോകുര്‍ദ്ദിഷ് പീപ്പിള്‍സ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി’ (എച്ച്.ഡി.പി) പ്രതിനിധിയും, പാര്‍ലമെന്റ് അംഗമായ മൂരത്ത് സാരിസാക്ക് ഈ ഹീനകൃത്യത്തെ അപലപിക്കുകയും ഇതിനെതിരെ പരാതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

ശവക്കല്ലറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതും, അസ്ഥികള്‍ ചിതറിക്കിടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് സാരിസാക്ക് പറഞ്ഞു. വാന്‍ പ്രവിശ്യയില്‍ ഇതിനു മുന്‍പും ഇത്തരം സംഭവങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ദേവാലയങ്ങളും, ആശ്രമങ്ങളും, ചരിത്രപരമായ സെമിത്തേരികളും സംരക്ഷിക്കുവാന്‍ കേന്ദ്ര, പ്രാദേശിക അധികാരികള്‍ യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിധി വേട്ടയും, അധികാരികളുടെ അവഗണനയും കാരണം വാന്‍ പ്രവിശ്യയിലെ ചരിത്രപരവും, സാംസ്കാരികപരവുമായ നിര്‍മ്മിതികള്‍ നശിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ സാരിസാക്ക് പറഞ്ഞു. അര്‍മേനിയന്‍ സെമിത്തേരികളും, മത-സാംസ്കാരിക പൈതൃകകേന്ദ്രങ്ങളും സംരക്ഷിക്കാത്തതിനേയും ചോദ്യം ചെയ്തു.

അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ആരാഞ്ഞ അദ്ദേഹം, മേഖലയിലെ അര്‍മേനിയന്‍ ആശ്രമങ്ങളുടേയും, ദേവാലയങ്ങളുടേയും കണക്കെടുപ്പ് നടത്തിയോ എന്നും ചോദ്യമുയര്‍ത്തി. തുര്‍ക്കിയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം തുര്‍ക്കി ഭരണകൂടത്തില്‍ നിന്നും ഏറെനാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന അപമാനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ സംഭവം. ചരിത്ര പ്രസിദ്ധ ദേവാലയങ്ങളായ ഹാഗിയ സോഫിയയും, കോറദേവാലയയും മുസ്ലീം പള്ളികളാക്കി പരിവര്‍ത്തനം ചെയ്തതും, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബുര്‍സായിലെ ഒരു അര്‍മേനിയന്‍ ദേവാലയം 8,00,000 ഡോളറിന് വില്‍പ്പനക്ക് വെച്ചതും ഈ വിവാദ നടപടികളില്‍ ചിലത് മാത്രമാണ്. ഹഗിയ സോഫിയയിലേയും, കോറയിലേയും യേശുവിന്റെ രൂപങ്ങളും മറ്റ് ക്രിസ്ത്യന്‍ പ്രതീകങ്ങളും കര്‍ട്ടന്‍ കൊണ്ട് മറച്ചാണ് ഇസ്ലാമിക ആരാധന നടത്തുന്നത്.

You might also like