ഐപിസി കേരളാ സ്റ്റേറ്റ്‌ സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിക്ക്‌ സസ്പെൻഷൻ

0

ഇന്ത്യാ പെന്തക്കോസ്ത്‌ ദൈവസഭ കേരളാ സ്റ്റേറ്റ്‌ സെക്രട്ടറി പാസ്റ്റർ ഷിബൂ നെടുവേലിയെ സസ്പെന്റ്‌ ചെയ്തു. ഐപിസി കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ലെറ്റർഹെഡ് വ്യക്തിപരമായ കാരണങ്ങൾക്ക്‌ ഉപയോഗിച്ചു എന്നാരോപിച്ചാണ്‌ സസ്പെൻഷൻ. എന്നാൽ വ്യക്തിവിരോധം തീർക്കുവാനും, സഭയിൽ ഇപ്പോൾ നടന്നു വരുന്ന രാഷ്ട്രീയ നാടകങ്ങളുടെ ബലിയാടുകളിൽ ഒരാൾ മാത്രമാണ്‌ പാസ്റ്റർ ഷിബു നെടുവേലി എന്നാണ്‌ ഉയർന്നു വരുന്ന ആരോപണങ്ങൾ.

കോടതിയലക്ഷ്യം വരെ നടത്തിക്കൊണ്ട് ജനറൽ പ്രസിഡണ്ട്‌ അന്യായമായി കേരളാ സ്റ്റേറ്റ്‌ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തതെന്നും സഭയിൽ നടക്കുന്ന പാനൽ രാഷ്ട്രീയത്തിന്റെ അഴുകിയ മുഖവും ഭരണഘടനാ വിരുദ്ധമായ പ്രവർത്തികളുമാണ്‌ തെളിയുന്നതെന്ന് പാസ്റ്റർ പ്രിൻസ്‌ നിലമ്പൂർ ആരോപിച്ചു. പാസ്റ്റർ ഷിബുവിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു എന്ന് പറയുമ്പോൾ, അന്വേഷിച്ചത് ആരെന്നും അന്വേഷിക്കുന്നത് ആരെന്നും രേഖപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി നടപടി പൂർത്തിയാകുകയോ, തുടർവിധി ഉണ്ടാകുകയോ ചെയ്യുന്നതിന്‌ മുൻപ്‌ സ്റ്റേറ്റിനു മേൽ യാതൊരു നടപടിയും എടുക്കരുത് എന്നതായിരുന്നു കോടതി ഉത്തരവ് എന്നാൽ അതിനെ മറികടന്ന് പ്രവർത്തിച്ചത്‌ കോടതി അലക്ഷ്യവും കോടതിയെ അപമാനിക്കലുമാണ്‌, അദ്ദേഹം തുടർന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ജനറൽ ജോയിന്റ്‌ സെക്രട്ടറി പാസ്റ്റർ എം പി ജോർജ്ജ്‌ കുട്ടിയും രാജി വച്ചിരുന്നു. ഈ പ്രവണതകൾ തുടർന്നാൽ ഇത്‌ സഭയെ സാരമായി ബാധിക്കുമോ എന്നതാണ്‌ ഇപ്പോഴത്തെ ആശങ്ക.

പാസ്റ്റർ ഷിബൂ നെടുവേലിക്ക്‌ നൽകിയ സസ്പെൻഷൻ ലെറ്ററിന്റെ മലയാള തർജ്ജിമ;

“18-08-2021 തീയതിയിലുള്ള നിങ്ങളുടെ വിശദീകരണ കത്ത് ജനറൽ എക്സിക്യൂട്ടീവുകൾ ആഗസ്റ്റ് 24, 2021, സെപ്റ്റംബർ 7, 2021, സെപ്റ്റംബർ 8, 2021 എന്നീ ദിവസങ്ങളിൽ പരിഗണിച്ചു. IPC കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക ലെറ്റർഹെഡ് ഉപയോഗിച്ച് ഞങ്ങളുടെ (കാരണം കാണിക്കൽ)‌ ഷോകോസ്‌ നോട്ടീസിനുള്ള വ്യതിപരമായ മറുപടി നൽകാൻ ഉപയോഗിച്ചത്‌ അങ്ങേയറ്റം അനുചിതമാണെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു.

നിങ്ങളുടെ മറുപടി കത്തിൽ നൽകിയിരിക്കുന്ന വിശദീകരണം തൃപ്തികരമല്ലെന്ന് ജനറൽ എക്സിക്യൂട്ടീവുകൾ ഏകകണ്ഠമായി തീരുമാനിച്ച വിവരം അറിയിക്കുന്നു. പ്രസ്തുത സംഭാഷണം, പാസ്റ്റർ ജാസ്പിൻ ജോണുമായി നടത്തിയ ഒരു സ്വകാര്യ സംഭാഷണമാണെന്ന നിങ്ങളുടെ വിശദീകരണം പ്രഥമ ദൃഷ്ട്യാ അസ്വീകാര്യമാണ്.

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ജനറൽ എക്സിക്യൂട്ടീവുകൾ ഏകകണ്ഠമായി തീരുമാനിച്ചു. ഒരു അന്വേഷണം നടക്കുന്നതുവരെ നിങ്ങൾ സസ്പെൻഷനിൽ ആണ്‌. സസ്പെൻഷൻ കാലയളവിൽ നിങ്ങൾക്ക് ഐപിസിയുടെ ശിശ്രൂഷകനായി പ്രവർത്തിക്കാൻ അർഹതയില്ല. നിർദ്ദിഷ്ട അന്വേഷണ നടപടികളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതായിരിക്കും.”

You might also like