പ്ലസ് വണ്‍ പ്രവേശനം: സമ്ബൂര്‍ണ എ പ്ലസുകാര്‍, ഇഷ്ട വിഷയത്തിന് പുറത്താകും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയിലെ സമ്ബൂര്‍ണ എ പ്ലസുകാര്‍ക്കുപോലും ഇഷ്ടപ്പെട്ട സ്കൂളും വിഷയ കോമ്ബിനേഷനും ലഭിക്കില്ലെന്ന് സൂചന നല്കി പ്ലസ് വണ്‍ പ്രവേശന ട്രയല്‍ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റിെന്റ സൂചന നല്കുന്ന ട്രയല്‍ അലോട്ട്മെന്റില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഒരു സ്കൂളില്‍ പോലും അലോട്ട്മെന്റ് വന്നിട്ടില്ല.
ട്രയല്‍ അലോട്ട്മെന്റ് വിദ്യാര്‍ഥിപ്രവേശനത്തിന് പരിഗണിക്കില്ലെങ്കിലും 22ന് നടക്കുന്ന ആദ്യ അലോട്ട്മെന്റിെന്റ സാധ്യത സൂചിപ്പിക്കുന്നതാണിത്. സമ്ബൂര്‍ണ എ പ്ലസുകാരില്‍ ഭൂരിപക്ഷവും ഒാപ്ഷനായി നല്‍കിയത് സയന്‍സ് വിഷയ കോമ്ബിനേഷനാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണെത്തക്കാള് കുറവാണ് ഏകജാലക പ്രവേശനത്തിനുള്ള സയന്‍സ് സീറ്റുകളുടെ എണ്ണം. 1,21,318 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. സയന്‍സില്‍ ആകെയുള്ളത് 1,20,400 സീറ്റുകളാണ്. സ്പോര്‍ട്സ് ക്വോട്ടയിലെ 3216 സീറ്റുകള്‍ മാറ്റിയാല്‍ ശേഷിക്കുന്നതാവെട്ട 1,17,184 സയന്‍സ് സീറ്റും.
പരീക്ഷയിലെ ഗ്രേഡിനൊപ്പം ബോണസ് പോയന്റ് കൂടി പരിഗണിച്ചുള്ള പ്രവേശനമായതിനാല്‍ എ പ്ലസുകാരെ പിന്തള്ളി ബോണസ് പോയന്റ് കൂടുതലുള്ള കുട്ടികള്‍ അലോട്ട്മെന്റ് നേടുന്ന സാഹചര്യവുമുണ്ട്. ഇത്തവണ ബോണസ് പോയന്റ് പരമാവധി 10 ആക്കി ചുരുക്കിയിട്ടുണ്ട്. എ പ്ലസ് നേടിയാലും പരമാവധി ബോണസ് പോയന്റുകൂടി നേടിയാല്‍ മാത്രമേ ഇഷ്ട വിഷയത്തില്‍ അലോട്ട്മെന്റ് ലഭിക്കൂ എന്ന സൂചനയാണ് ട്രയലില്‍ പുറത്തുവരുന്നത്.