അന്ത്യകാല ശാസ്ത്രം (Eschatology): വിശുദ്ധ തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ ഒരു പഠനം

പാസ്റ്റർ റെജി ഫിലിപ്പ്

0

തത്വശാസ്ത്രത്തിന്റെ (Philosophy) “കിരീടം” എന്നാണ് ദൈവശാസ്ത്രം (Theology) അറിയപ്പെടുന്നത്. വേദശാസ്ത്രത്തിന്റെ സ്വാദിനം മനസ്സിലാകും ഈ വാചകത്തിലൂടെ. നമുക്ക് ദൈവവചനം പഠിക്കാം, അതിൽ നിലനിൽക്കാം

വിശുദ്ധ തിരുവചനങ്ങൾ പഠിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു സത്യമാണ് വ്യത്യസ്ത കാലങ്ങളിൽ, വിവിധ മാർഗ്ഗത്തിൽ കൂടെ ഭാഗം, ഭാഗങ്ങളായിട്ടാണ് മനുഷ്യർ അറിയേണ്ടിയിരുന്ന ദൈവിക സത്യങ്ങൾ മനുഷ്യർക്ക്‌ വിവിധ കാലങ്ങളിൽ ജീവിച്ചിരുന്ന ദൈവമനുഷ്യരെ ഉപയോഗിച്ചു ദൈവം വെളിപ്പെടുത്തികൊടുത്തതെന്ന്. അങ്ങെനെ ഭാഗം ഭാഗമായി വിവിധ കാലങ്ങളിലൂടെ ദൈവിക സത്യങ്ങൾ വെളിപ്പെടുത്തി നല്കാൻ ദൈവം അവലംബിച്ച മാർഗ്ഗത്തെ വേദശാസ്ത്രപരമായി വിളിക്കുന്നതാണ് “മുന്നേറുന്ന വെളിപ്പാട്” (Progressive Revelation) എന്ന്. പുതിയ നിയമ വിശ്വാസികൾക്ക് ലഭിച്ച അത്രയും ദൈവിക സത്യങ്ങൾ പഴയനിയമ വിശ്വാസികൾക്ക് ലഭിച്ചിരുന്നില്ലെന്ന് സാരം. ആ വെളിപ്പാടുകൾക്ക് അനുസൃതമായി മനുഷ്യ ചരിത്രത്തെ അനേക കാലങ്ങളൂം (Ages), യുഗങ്ങളു (Dispensations) മായി വിഭജിക്കുന്നുണ്ട്. ഓരോ കാലത്തിലും നല്കിയ ദൈവിക വെളിപ്പാടുകളുടെ അടിസ്ഥാനത്തിൽ ദൈവം അവരുടെ വിശ്വാസത്തെ പരിശോദിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കാം. അതതു യുഗങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരുമായി ദൈവം വിവിധ ഉടമ്പടികളിൽ (Covenant) ഏർപ്പെടുകയും ചെയ്‌തു. കാലങ്ങളെക്കുറിച്ചും, യുഗങ്ങളെക്കുറിച്ചുമുള്ള പഠനം അല്ലാത്തതിനാൽ അവകളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നല്കാൻ ഞാൻ ഇവിടെ ആഗ്രഹിക്കുന്നില്ല.

മനുഷ്യർ ആവശ്യം അറിയേണ്ട ദൈവിക സത്യങ്ങൾ ദൈവം കാലകാലങ്ങളിൽ അവനു വെളിപ്പെടുത്തി നല്കി Heb 1:1. അതാണ് ക്രിസ്തിയ വിശ്വാസത്തിന്റെ അതുല്യതയും മുഖമുദ്രയും. ആത്മാവിൽ മരിച്ച മനുഷ്യന്റെ മനോമുകുരത്തിൽ രൂപംകൊണ്ട ആലോചനകളല്ല ദൈവവചനം. ദൈവവചനത്തെക്കുറിച്ചുള്ളശരിയായ കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടായിരിക്കണം. ക്രിസ്തിയ വിശ്വാസം “ഒരിക്കലായി ഭാമേല്പിച്ച  വിശ്വാസമാണ്” Jude 3 അതുകൊണ്ട് ക്രിസ്തിയ വിശ്വാസങ്ങളോടുള്ള ബന്ധത്തിലുള്ള എല്ലാ ഉപദേശങ്ങളൂം ദൈവവചന അടിസ്ഥാനത്തിൽ ഉള്ളതായിരിക്കണം. 

വിശുദ്ധ തിരുവചനങ്ങളിലെ ഉപദേശങ്ങളെ വിവിധ ദൈവശാസ്ത്ര മേഖലകളായി തിരിച്ചാണ് ദൈവവചനം ക്രമമായി പഠിക്കുന്നത്. ദൈവശാസ്ത്രങ്ങളെ പൊതുവെ പ്രായോഗിക ദൈവശാസ്ത്രം (Practical Theology), ഇടയസംബദ്ധമായ ദൈവശാസ്ത്രം (Pastoral Theology), ചരിത്രപരമായ വേദശാസ്ത്രം (Historical Theology), ക്രെമീകൃത ദൈവശാസ്ത്രം (Systematic Theology) എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.

പെന്തിക്കോസ്തുകാരായ പലർക്കും ദൈവവശാസ്ത്രം (Theology) അഥവാ വേദശാസ്ത്രമെന്ന പദം കേള്‍ക്കുന്നതു തന്നെ  അലര്‍ജിയാണ്. അതിന്‍റെ ഒരു പ്രധാനകാരണം ദൈവവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ  വിഷയബന്ധത്തില്‍ ക്രമമായി പഠിച്ചു മനസിലാക്കാന്‍ അങ്ങെനെയുളളവർക്കു  താല്പര്യമില്ലാത്തതുകൊണ്ട് ദൈവശാസ്ത്ര പഠനത്തെ അഥവാ പഠിക്കുന്നവരെ അവർ നഖശിഖാന്തം എതിർക്കുന്നു.   ഈ രാജ്യത്തുള്ള ഒരു ദൈവദാസൻ പ്രസംഗമദ്ധ്യേ ഉരുവിട്ട ഒരു വാചകം ഞാൻ  ഇവിടെ രേഖപ്പെടുത്തട്ടെ. പത്രോസ് തീയോളജി പഠിച്ചില്ല, എന്നാൽ അവന്റെ ഒറ്റ പ്രസംഗത്തിൽ മൂവായിരംപേർ രക്ഷിക്കപ്പെട്ടു, തിയോളജി പഠിച്ചവരുടെ പ്രസംഗത്തിൽ എത്രപേർ രക്ഷിക്കപ്പെടുന്നു? ഇദ്ദേഹം ദൈവവചനം ക്രെമീകൃതമായി പഠിച്ചിട്ടില്ല അതൊരു സത്യമാണ്. ആരും അറിയാതെ പഠിക്കുന്നു എന്നൊരു അറിവുണ്ട്.  അദ്ധേഹം ശുശ്രുഷിക്കുന്ന സഭയിൽ ഓരോ പ്രസംഗങ്ങൾ കഴിയുമ്പോളും ആയിരങ്ങൾ രക്ഷിക്കപ്പെടുന്നില്ല, അതുമാത്രമല്ല, ആരും തന്നെ ഇതുവരെ മറ്റുമാർഗ്ഗങ്ങളിൽ നിന്നും വിശ്വാസത്തിൽ ഇതുവരെ വന്നതായും അറിയില്ല. ആ സഭയിലെ വിശ്വാസികൾ നാനാ മതസ്ഥരിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനു മറുപടി പറയാൻ വസ്തുതകൾ മറ്റുളളവരിൽ നിന്നും ചോദിച്ചറിയുന്നു, അതാണ് വിരോധമഭാസം.  ഒരിക്കൽ ഞാൻ കേട്ടു ഇദ്ധേഹം യേശുവിന്റെ നാമത്തിൽ ദൈവത്തോട് കല്പിക്കുന്നതായി. ആവശ്യം ഉണ്ടായിരിക്കേണ്ട ദൈവവചന പരിജ്ഞാനം ഇല്ലാത്തതുകൊണ്ട് യേശുവിന്റെ നാമത്തിൽ ദൈവത്തോട് കല്പിക്കുന്ന തരത്തിൽ അവർ അധഃപതിച്ചു പോയി. ആർക്കും തിരുത്തുവാൻ കഴിയാത്ത വിധത്തിൽ മനസ്സും പാറപോലെ ഉറച്ചുപോയി. ദൈവവചന പഠനത്തോടുള്ള വിരക്തി മനസ്സിലായല്ലോ.  

ദൈവവചനം പഠിക്കാതെ ദൈവവചനം അനുസരിച്ചു അഥവാ ആത്മാവിനു അനുസരിച്ചു നടക്കാൻ കഴിയില്ല. ആത്മാവിനെ അനുസരിച്ചു നടക്കുക എന്ന് പറഞ്ഞാൽ പലർക്കും അറിയില്ല. ആത്മാവിൽ ഉള്ള ആരാധന അന്യഭാഷാ പറയുന്നതാണ് എന്നാണ് പൊതുവേ പെന്തിക്കോസ്തു സമൂഹം കരുതിയിരിക്കുന്നത്. ദൈവവചനം അനുസരിച്ചു നടക്കുന്നതാണ് ആത്മാവിൽ നടക്കുക എന്ന് പറഞ്ഞാൽ അർത്ഥം. ദൈവവചനം ആത്മാവിന്റെ വചനമാണ്.

ദൈവവചനം പഠിക്കാൻ താല്പര്യം കാണിക്കത്തതിന്റെ മറ്റൊരു കാരണമെന്ന് പറയുന്നത്, നമ്മുടെ ഭാഷയിൽ ഒരു പഴമൊഴിയുണ്ട്, “അധികം കഴിച്ചാൽ അമൃതും വിഷയം.” അതിനു അവർ കൊടുക്കുന്ന അർത്ഥം, വചനം അധികം പഠിച്ചാൽ ദൈവവിശ്വാസം ഇല്ലാതെയാകുമെന്നാണ്. ദൈവഭയത്തിൽ ദൈവവചനം പഠിക്കുന്ന ആരും അതുനിമിത്തം തെറ്റിപ്പോകില്ല. ദൈവവചനം പഠിച്ചവർ ചില പാരമ്പര്യങ്ങളെ ചോദ്യം ചെയ്യും, തെറ്റുകളെ ചൂണ്ടി കാണിക്കും. അതൊന്നും ഇവർക്ക് ദഹിക്കില്ല. അതാണ് സത്യം. ഇവരാരും ക്രിസ്തുവെന്ന തലയോളം വളർന്നവരുമല്ല. അതാണ് വിരോധാഭാസം. അതുകൊണ്ട് അവർ പഠിക്കില്ല, ആരേയും പഠിക്കാൻ അനുവദിക്കുകയുമില്ല. ഒരുവൻ തെറ്റിപ്പോകാൻ ദൈവവചനപഠനം ഒരിക്കലൂം കാരണമാകില്ല. 

ബുദ്ധിപരമായ ദൈവവചന പഠനം പെന്തികൊസ്തിൽ പ്രോത്സാഹിക്കപ്പെടുന്നില്ല. Anti-Intellectualism നമ്മുടെ ഇടയിൽ കൂടുതലാണ്. “അറിവ് ചിർക്കും” “അക്ഷരം കൊല്ലും”  ഈ പ്രയോഗങ്ങൾ എല്ലാം അവർ ഉദ്ധരിക്കും ദൈവവചന പഠനത്തെ നിരുത്സാപ്പെടുത്താൻ. വിശുദ്ധ തിരുവെഴുത്തുകളുടെ സന്ദർഭം നോക്കാതെ വാക്കുകളെ, വാചകങ്ങളെ അടർത്തിമാറ്റി ഉപദേശം ഉണ്ടാക്കാൻ ഈ വിരുതന്മാർ മിടുക്കരാണ്. M.Th പഠിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയ്ക്ക് പഠനത്തിന്റെ സമാപനത്തിൽ പ്രസംഗിക്കുവാൻ അവസരം ലഭിച്ചു. അദ്ദേഹം ദാവീദിന്റെ അഞ്ചുകല്ലുകൾക്ക് ആത്മിക അർഥങ്ങൾ നല്കി ഒരു പ്രസംഗം അങ്ങ് പടച്ചുവിട്ടു. സാമാന്യ ദൈവവചന പരിജ്ഞാനമുള്ള വിദ്യാർത്ഥികളും  അധ്യാപകരും ശരിക്കും ആസ്വദിച്ചു പുള്ളിയുടെ പ്രസംഗം. അവരിലെ ഒരു വിദേശ അധ്യാപകൻ പറഞ്ഞ വാചകമാണ് ചിന്തിക്കേണ്ടത്, “കേരളത്തിലെ പെന്തിക്കോസ്തുകാർ എത്ര പഠിച്ചാലും ഇതിൽ കൂടുതൽ വളരുക വിരളമാണെന്ന്.” ദൈവവചന പരിജ്ഞാനത്തിൽ വളരുവാൻ ആഗ്രഹിക്കുന്ന ആരും ഈ വിധ തന്ത്രങ്ങളിൽ കുടുങ്ങിപ്പോകരുത്. ദൈവവചനം ശ്രദ്ധയോട് പഠിക്കണം. വിശ്വാസത്തെക്കുറിച്ച് ആരെങ്കിലും സംശയം ചോദിച്ചാൽ അവരുടെ നേരേ ചിറാതെ സൗമയമായി മറുപടി നല്കാൻ നമ്മൾക്ക് ഓരോരുത്തർക്കും പ്രപ്തി ഉണ്ടായിരിക്കണം. 

മനസ്സിൽ തോന്നുന്നതെല്ലാം സരസമായ ഭാഷയിൽ     ദൈവവചനമാണെന്നും, ദൂതാണെന്നും പറഞ്ഞു അസ്ഥിരരായ വിശ്വാസികളുടെ  വികാരങ്ങളെ ഇളക്കി  ഉപജീവനം  കഴിക്കുന്ന ആകാത്ത ഉപദേശകരും, പ്രവാചകരും, പ്രസംഗകരുമാണ് ക്രെമീകൃതമായ ദൈവവചന പഠനത്തെ നഖശികാന്തം എതിർക്കുന്നത്. പെന്തിക്കോസ്തു സമൂഹം കള്ളപ്രവാചകരുടെയും, കള്ള ഉപദേഷ്ട്ടാക്കളുടെയും വിളനിലമായി മാറികൊണ്ടിരിക്കുന്ന കാഴ്ച ഭയത്തോടെയാണ് വീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഒരു ദൈവദാസൻ എന്നോട് പറഞ്ഞ ഒരു വസ്തുതയാണ്  മലയാളി പെന്തിക്കോസ്തു പ്രസംഗകരിലെ ഒരാളുടെ പ്രസംഗത്തിലെ മൂന്നിൽ രണ്ടുഭാഗവും പത്രങ്ങളിൽ വന്ന അക്രമ, കുലപാതക വാർത്തകളുടെ വിവരണമാണ്. അതെല്ലാം ദൈവജനത്തെ ഉപദ്രപിച്ചതുകൊണ്ട് ഉണ്ടായതാണ് എന്നാണ് ഭാഷ്യം. പെന്തിക്കോസ്തു സഭാ നേതൃത്വങ്ങൾ ആത്മാർത്ഥത കാണിച്ചു ഈ വിധ ആളുകളുടെ നമ്മുടെ പ്രസംഗപീഠങ്ങളിൽ നിന്നും അകറ്റി നിർത്തണം. 

വേദപുസ്തക പരിജ്ഞാനം നന്നേ കുറവുള്ളവരും, വികാരവായ്പ്പൊട് വാക്കുകളുടെ പ്രളയം സൃഷ്ട്ടിക്കുന്നവരെയാണ്  സാധാരണ പെന്തിക്കോസ്തു സമൂഹങ്ങള്‍  ഉണര്‍വ്വ് പ്രസംഗികര്‍ എന്നുവിളിക്കുന്നത്‌. ദൈവശാസ്ത്രപഠനം ദൈവവചന വിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടി  അവര്‍ പെന്തിക്കോസ്തുകാരുടെ  ഇടയില്‍ തങ്ങളുടെ ഉപദേശങ്ങൾ സ്ഥാപിക്കാൻ വേണ്ടി അവരുടെ കഴിവിന്‍റെ പരമാവധി  പരിശ്രെമിക്കുന്നുണ്ട്. അവരുടെ വാക്ക്ചാതുര്യം കൊണ്ടും   അസാധാരണ വൈകാരിക പ്രകടങ്ങൾ   നിമിത്തം ഒരു പരുതിവരെ പെന്തിക്കോസ്തു വിശ്വാസികള്‍ ഇവര്‍ പടച്ചുവിടുന്ന  കെട്ടുകഥകള്‍ ദൈവവചന   സത്യങ്ങളാണെന്ന ധാരണയിൽ    സ്വീകരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഒരു കൂട്ടം സഭായോഗങ്ങൾക്ക്  പോകുന്നത് സന്തോഷിക്കാനാണ്. ഉപദേശി, പ്രസംഗകർ അവരെ സന്തോഷിപ്പിക്കാൻ വേണ്ടുന്നത് ചെയ്യുന്നു. ഇല്ലെങ്കിൽ അവർ പുറത്തതാകും. 

പെന്തികോസ്തു പ്രാദേശിക സഭകളിൽ  ആധികാരികമായ വേദപുസ്തക പഠനങ്ങള്‍ സത്യത്തില്‍ നടക്കുന്നില്ലെന്നു വേണമെങ്കില്‍  നമുക്കു പറയാന്‍ കഴിയും വിധത്തിലാണ് സംഗതികള്‍ പോയ്കൊണ്ടിരിക്കുന്നത്.  വേദപുസ്തകത്തെ സങ്കിര്‍ണവും, നിഗൂഢതകള്‍ നിറഞ്ഞതുമായ ഒരു പുസ്തകമായിട്ടാണ്  സാധാരണ വിശ്വാസികള്‍ കരുതിയിരിക്കുന്നത്. അതുകൊണ്ട് അവർ ധരിക്കുന്നത് അവർക്ക് ദൈവവചനം പഠിക്കാൻ കഴിയില്ല എന്നാണ്. നമ്മുടെ  പ്രാദേശിക സഭകളില്‍ ദൈവവചന പഠനത്തിനു കൂടിവരുന്ന വിശ്വാസികളുടെ എണ്ണം നോക്കിയാല്‍ നമ്മുടെ ഇടയില്‍ എത്രമാത്രം വിശ്വാസികള്‍ ദൈവവചനപഠനം ഇഷ്ട്ടപ്പെടുന്നുവെന്ന് വെക്തമായി  മനസിലാക്കുവാന്‍ സാധിക്കും.  ദൈവവചനത്തോടുള്ള ബന്ധത്തിൽ അനേക തെറ്റിധാരണകള്‍  വിശ്വാസികളുടെ മനസ്സില്‍ കുടിയിരിക്കുന്നതിനാല്‍ അവര്‍ ദൈവവചനം പഠിയ്ക്കാന്‍  തീരെ താല്പര്യം കാണിക്കുന്നില്ല. അങ്ങേനെയുള്ള  വെക്തികള്‍  ദൈവവചന പഠനത്തിയായി കടന്നുവന്നാല്‍ പോലും അവര്‍ അവിടെ  പഠിപ്പിക്കുന്നത് ശ്രദ്ധിക്കാറില്ല. അതുമാത്രമല്ല, പഠിക്കുന്നവരെ അവര്‍ നിരന്തരം വാതോരാതെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയും, പഠിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. ഒരിക്കലായി ദൈവം നമ്മെ ഭരമേല്പിച്ച അതിവിശുദ്ധ വിശ്വാസത്തെ പ്രതിരോധിക്കാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ് നാമെന്ന വസ്തുത അവര്‍ മറന്നുപോകരുത്. നമ്മുടെ വിശ്വാസത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അവരോടു മറുപടി പറയാൻ തക്കവണ്ണം വിശ്വാസികളും, ഉപദേശകരും പ്രാപ്തർ ആയിരിക്കണം.

ദൈവവചനം  ക്രമമായി പഠിക്കാതെ ദൈവത്തെകുറിച്ചും ദൈവിക പദ്ധതികളെക്കുറിച്ചും ശരിയായ അറിവ് നമുക്ക് ലഭിക്കില്ലെന്നുള്ളത് ഒരു തര്‍ക്കമറ്റ സംഗതിയാണ്. ദൈവവചന പഠനമെന്നു നാം പറയുമ്പോള്‍ വിശുദ്ധ വേദപുസ്തകം  ആദിമുതല്‍ അവസാനം വരെ കാണാതെ പഠിക്കുക എന്നല്ല അര്‍ഥമാക്കുന്നത്. നേരെമറിച്ച്,  വിഷയബന്ധത്തില്‍ ഓരോ വിഷയവും അപഗ്രഥിച്ചുപഠിച്ചു മനസിലാക്കുക. അതാണ് ദൈവവചന പഠനമെന്ന് അർത്ഥമാക്കുന്നത് . അതുകൊണ്ട്  വേദപുസ്തകം കാണാതെ പഠിക്കരുത് എന്ന് ഞാൻ പറയുന്നില്ല. തിരുവചനത്തിലെ  പ്രമാണങ്ങളൂം,  ഉപദേശങ്ങളും വിഷയബന്ധത്തില്‍  പഠിച്ചു മനസ്സിലാക്കണം.  വിഷയബന്ധത്തില്‍ നാം ദൈവവചനം പഠിക്കുന്നില്ലെങ്കിൽ സ്ഥാനത്തും അസ്ഥാനത്തും തിരുവചനം അതിലെ പ്രതിവാദ്യ വിഷയങ്ങളോ, സന്ദർഭങ്ങളോ  മുഖവിലയ്ക്ക് എടുക്കാതെ  ഉപയോഗിക്കും.  ചിലപ്പോള്‍ വാക്കുകള്‍ മാത്രം അടര്‍ത്തിമാറ്റി നമ്മുടെ  വാദങ്ങള്‍   സ്ഥാപിക്കുന്നതിനുവേണ്ടി ഉദ്ധരിക്കുകയും അതില്‍നിന്നും ചിലപ്പോള്‍  വേദപുസ്തക വിരുദ്ധമായ ഒരു ഉപദേശം  ഉണ്ടാക്കുകയും ചെയ്യും.  വേദവാക്യങ്ങൾ  അതിന്‍റെ സന്ദര്‍ഭത്തില്‍, പശ്ചാത്തലത്തിൽ നിന്നും അടര്‍ത്തി മാറ്റി ഉപയോഗിച്ചാൽ വസ്തുതകൾ ഗ്രഹിക്കാൻ കഴിയില്ല എന്നുമാത്രമല്ല തിരുവചനത്തിന് വചനവിരുദ്ധ ആശയങ്ങൾ നാം സൃഷ്ടിക്കുകയും ചെയ്യും.   ദൈവവചനം പഠിപ്പിക്കുകയും, പ്രസംഗിക്കുകയും ചെയ്യുന്ന വെക്തികള്‍  വാക്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ നിന്നും അതിനെ അടര്‍ത്തിമാറ്റി ഉപയോകിക്കുന്ന പ്രവണത  മനപൂര്‍വ്വം ഒഴിവാക്കിയാൽ മാത്രമേ അവർക്ക് ദൈവവചനത്തോട് നീതി പുലർത്താൻ കഴിയൂ.   സ്ഥാപിത താല്പര്യങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി വേദപുസ്തകത്തെ  ഒരിക്കലൂം ഉപയോഗിക്കുകയോ കോട്ടികളയുകയോ ചെയ്യരുത്. 

ദൈവത്തെകുറിച്ച് അവന്‍റെ നിത്യവചനം വെളിപ്പെടുത്തി നല്‍കുന്ന ശരിയായ അറിവ് നാം ഗ്രഹിച്ചില്ല എങ്കില്‍ ഭാഗികവും വികലവുമായ ദൈവിക അറിവുകള്‍ മാത്രമേ നമുക്കുണ്ടായിരിക്കുകയുള്ളൂ. ഒരു വിശ്വാസിയുടെ ദൈവിക അറിവുകള്‍ അവന്‍റെ സ്വാഭാവത്തെയും, ജീവിത കാഴ്ചപ്പാടിനേയും സാരമായി ബാധിക്കും എന്നതിന് യാതൊരു തര്‍ക്കവുമില്ല. (Will Continue)

You might also like