TOP NEWS| ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

0

 

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വളര്‍ച്ച. ഇന്തോനേഷ്യയിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ്‌ സിവില്‍ രജിസ്ട്രേഷന്‍ (ദുക്കാപ്പില്‍) പുറത്തുവിട്ട കണക്കനുസരിച്ച് ഏതാണ്ട് ഒരു ശതമാനത്തിനടുത്ത വര്‍ദ്ധനവാണ് ഇന്തോനേഷ്യയിലെ ക്രൈസ്തവ ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ വരേയുള്ള പുതിയ കണക്കനുസരിച്ച് രാജ്യത്ത് 27.22 കോടിയോളം വരുന്ന ഇന്തോനേഷ്യന്‍ ജനതയില്‍ 2.04 കോടി (7.49%) പ്രൊട്ടസ്റ്റന്റ് വിശ്വാസികളും, 84 ലക്ഷം കത്തോലിക്കരുമാണ് ഉള്ളത്. ജനസംഖ്യയുടെ 86.88% വും ഇസ്ലാംമത വിശ്വാസികളാണ്.

2010-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 9.87% ക്രിസ്ത്യാനികളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്. കഴിഞ്ഞ ദശകത്തില്‍ ഇന്തോനേഷ്യയിലെ ക്രൈസ്തവ സമൂഹം ഒരു ശതമാനത്തിന്റെ വളര്‍ച്ച നേടിയെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വെസ്റ്റ്‌ പാപ്പുവ പോലെയുള്ള 4 പ്രവിശ്യകളില്‍ മാത്രമാണ് ഇന്തോനേഷ്യയിലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിട്ടുള്ളത്. ബാക്കി മുപ്പതോളം പ്രവിശ്യകളിലെ ജനസംഖ്യകളില്‍ അന്‍പതു ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ‘വേള്‍ഡ് പോപ്പുലേഷന്‍റിവ്യൂ’വില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് 2021-ല്‍ ലോകത്ത് ഏറ്റവുമധികം മുസ്ലീം ജനതയുള്ള രാജ്യം ഇന്തോനേഷ്യയാണ്.

ക്രിസ്തുമതം, അഹമദിയ മുസ്ലീങ്ങള്‍, ബുദ്ധമതം പോലെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രം മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ക്രിസ്ത്യാനികള്‍ പലപ്പോഴും മതപീഡനത്തിനും വിവേചനത്തിനും ഇരയാകുന്നുണ്ട്. ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇന്തോനേഷ്യയും ഇടംപിടിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പലപ്പോഴും ചാവേര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പതിനാറാം നൂറ്റാണ്ട് മുതല്‍ ഇന്തോനേഷ്യയില്‍ ക്രിസ്തുമതം ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. മതപീഡനത്തിനിടയിലും ഇന്തോനേഷ്യയിലെ ക്രൈസ്തവ സമൂഹത്തിന്നുണ്ടായ വളര്‍ച്ച സഭക്ക് ആശ്വാസം പകരുകയാണ്

You might also like