ഉത്രവധക്കേസ്: സൂരജിന്റെ ശിക്ഷ ഇന്ന്
കൊല്ലം∙ ഉത്ര വധക്കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഭർത്താവ് സൂരജിനു കോടതി ഇന്നു ശിക്ഷ വിധിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതും അപൂർവങ്ങളിൽ അപൂർവവുമായ കേസ് ആയതിനാൽ പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷ വിധിക്കാൻ കാരണമായി സുപ്രീം കോടതി പരാമർശിച്ചിട്ടുള്ള 5 കാരണങ്ങളിൽ നാലും സൂരജ് ചെയ്തിട്ടുള്ളതാണ് പ്രോസിക്യൂഷൻ വാദിച്ചത്. പാമ്പിനെക്കൊണ്ടു കൊലപാതകം നടത്തിയെന്ന കേസ് കേരളത്തിൽ ആദ്യമാണ്. കേസിൽ മാപ്പുസാക്ഷിയായ ചാവരുകാവ് സുരേഷിനെ ജയിൽ മോചിതനാക്കാനുള്ള ഉത്തരവും ഇന്നുണ്ടായേക്കും.