TOP NEWS| പഞ്ചാബിൽ ക്രിസ്ത്യന്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം

0

ചണ്ഡീഗഡ്: പഞ്ചാബിൽ സിഖ് സമുദായത്തിനിടയിൽ ക്രിസ്ത്യൻ മതപ്രബോധകർ നിർബന്ധിത മതപരിവർത്തനം നടത്തുന്നതായുള്ള ആരോപണവുമായി സിഖ് മതനേതാക്കൾ. സിഖ് മതത്തിലെ നേതാവായ അകാൽ തക്ത് ജത്തീദര്‍ ഗിയാനി ഹർപ്രീത് സിങ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ദലിത്, പിന്നാക്ക സിഖ് വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നിർബന്ധിത മതപരിവർത്തനം നടക്കുന്നതെന്നാണ് ഗിയാനി ഹർപ്രീത് സിങ്. അതേസമയം, ആരോപണം അമൃത്‌സർ ബിഷപ്പ് പ്രദീപ് കുമാർ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

സുവർണക്ഷേത്രത്തിലും അകാൽ തക്തിലും ദലിത് സിഖ് വിഭാഗക്കാർക്ക് പ്രവേശനം അനുവദിച്ചതിന്റെ 101-ാം വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിലായിരുന്നു സിഖ് നേതാവിന്റെ പ്രസംഗം. പഞ്ചാബിന്റെ അതിർത്തിപ്രദേശങ്ങളിലാണ് ആസൂത്രിതമായി മതംമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.

പഞ്ചാബിന്റെ അതിർത്തിപ്രദേശങ്ങളിൽ പട്ടികജാതിക്കാരടക്കുള്ള സിഖ് വിഭാഗക്കാർക്കിടയിൽ നിർബന്ധിത മതംമാറ്റ പദ്ധതികൾ ക്രിസ്ത്യൻ മിഷനറിമാർ നടത്തിവരുന്നുണ്ടെന്നാണ് ഹർപ്രീത് സിങ് പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ”സിഖ് കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ പണമുപയോഗിച്ചും സാധ്യമായ മറ്റെല്ലാ മാർഗങ്ങളിലൂടെയും മിഷനറിമാർ ശ്രമിക്കുന്നുണ്ടെന്നും നിഷ്‌കളങ്കരും നിരപരാധികളുമായ സിഖ് വിഭാഗക്കാരെ ഇത്തരത്തില്‍ മംതമാറ്റുന്നത് സിഖ് സമുദായത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും സൂചിപ്പിച്ചായിരുന്നു ആരോപണം.

പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ സിഖ് ഗുരുദ്വാരകളുടെ നടത്തിപ്പ് ചുമതലയുള്ള ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി(എസ്ജിപിസി)ക്ക് ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഹർപ്രീത് സിങ് പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഹർപ്രീത് സിങ്.

You might also like