TOP NEWS| പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍; 70 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; ഇടുക്കി ഡാമിന്റെ ജലനിരപ്പ് വീണ്ടും ഉയർന്നു

0

പാലക്കാട്: ജില്ലയിൽ ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നത്. 70 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ഡിവൈഎസ്പി കെ.എം ദേവസ്യ ട്വന്റിഫോറിനോട് പറഞ്ഞു.

ഇടുക്കിയില്‍ വീണ്ടും മഴ തുടരുകയാണ്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. അപകട സാധ്യത കണക്കിലെടുത്ത് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു.
തൃശൂരിലെ മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ, മീനങ്ങാടി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നു. അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു. മഴയില്‍ ചാലക്കുടി പുഴയില്‍ തലനിരപ്പുയര്‍ന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

മലപ്പുറം താഴെക്കോട് അരക്കുപറമ്പില്‍ നേരിയ തോതില്‍ ഉരുള്‍പൊട്ടി. അരക്കുപറമ്പ് മാട്ടറക്കലിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഇല്ല. ജാഗ്രതാ മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ നേരത്തെ തന്നെ മാറ്റിയിരുന്നു. കരുവാക്കുണ്ട് കല്‍കുണ്ടില്‍ 60 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വഴിക്കടവില്‍ പത്ത് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് സമീപത്തെ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

You might also like