കോവിഡ് മരുന്ന് ‘മോൽനുപിരാവിർ’: പരീക്ഷണം നടത്തിയത് 775 പേരിൽ
ന്യൂഡൽഹി ∙ കോവിഡ് ബാധിച്ച 775 പേരിലെ പരീക്ഷണ വിജയത്തെത്തുടർന്നാണ് ‘മോൽനുപിരാവിർ’ എന്ന കോവിഡ് മരുന്നിനു യുകെയിൽ അംഗീകാരം ലഭിച്ചത്. ഇതിൽ നിശ്ചിത ശതമാനം ആളുകൾക്ക് മോൽനുപിരാവിറും ബാക്കിയുള്ളവർക്കു യഥാർഥമല്ലാത്ത മരുന്നും (പ്ലാസിബോ) നൽകി. മോൽനുപിരാവിർ കഴിച്ചവരിൽ 7.3% പേർ മാത്രമാണ് തുടർചികിത്സയ്ക്ക് ആശുപത്രിയിലായത്. ആരും മരിച്ചില്ല. എന്നാൽ, പ്ലാസിബോ സ്വീകരിച്ചവരിൽ 14.1% പേർ ആശുപത്രിയിലായി; 8 പേർ മരിച്ചു.
ശരീരകോശങ്ങളിലെത്തി വൈറസിനെ പെരുകാൻ സഹായിക്കുന്ന എൻസൈമിന്റെ ഘടന മാറ്റുകയാണു മരുന്ന് ചെയ്യുക. അതേസമയം, കോശത്തെ നേരിട്ടു ബാധിക്കുമെന്നതിനാൽ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കയുണ്ട്. ദീർഘകാല ഉപയോഗം ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നു നിർമാതാക്കൾ പറയുന്നു. ഡെൽറ്റ ഉൾപ്പെടെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഫലപ്രദമാണെന്നും അവകാശപ്പെടുന്നു.