TOP NEWS| ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ ഇന്ന് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും വ്യാഴാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്ന് തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ച് വ്യാഴാഴ്ച രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരളാതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം. നിലവിൽ കേരള -കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല . ആഴക്കടൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടിട്ടുള്ള തൊഴിലാളികൾ ഇന്ന് രാവിലെയോടെ സുരക്ഷിത തീരങ്ങളിലേക്ക് മാറാനും നിർദേശം നൽകി.