നോയിഡ സ്വദേശിയിൽ അപൂർവ ബ്ളാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു
ഡൽഹി: ഡെങ്കിപ്പനിയിൽ നിന്ന് രോഗ മുക്തി നേടിയ ഗ്രേറ്റർ നോയിഡ സ്വദേശിയിൽ അപൂർവ ബ്ളാക്ക് ഫംഗസ് ബാധ (മ്യൂകോർമൈകോസിസ്) കണ്ടെത്തി. 15 ദിവസം മുമ്പ് രോഗമുക്തി നേടിയ താലിബ് മുഹമ്മദാണ് ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഡെങ്കി മുക്തരായവരിൽ അപൂർവങ്ങളിൽ അപൂർവമാണിത്.നേരത്തെ, കൊവിഡ് രോഗ മുക്തരായവരിൽ ഇത്തരത്തിൽ കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ബ്ളാക്ക് ഫംഗസ് ബാധിച്ചിരുന്നു. ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതിനെ തുടർന്ന് താലിബ് ചികിത്സ തേടി എത്തിയപ്പോഴാണ് അപൂർവ ഫംഗസ് ബാധ ശ്രദ്ധയിൽപ്പെട്ടതെന്ന് ആശുപത്രിയിലെ സീനിയർ ഇ.എൻ.ടി കൺസൾട്ടന്റ് ഡോ. സുരേഷ് സിംഗ് നരൂക പറഞ്ഞു.