TOP NEWS| സംരക്ഷണം നൽകില്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന് ക്രൈസ്തവ സമൂഹത്തോട് കർണാടക പൊലീസ്

0



ബെംഗളൂരു: സംഘ്പരിവാർ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാൻ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന് ക്രിസ്ത്യൻ സമൂഹത്തോട് കർണാടക പൊലീസ്. സംഘർഷം ഇല്ലാതാക്കാൻ ഞായറാഴ്ചത്തെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാൻ ക്രിസ്ത്യൻ പുരോഹിതന്മാർക്ക് പൊലീസ് നിർദേശം നൽകി. കർണാടകയിലെ ബെലഗവിയിലാണ് ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യൻ സമൂഹത്തിന് പൊലീസിന്‍റെ വിചിത്രമായ ഉപദേശം. ‘ദി ന്യൂസ് മിനുട്ട്’ വാർത്താ പോർട്ടലാണ് സംഭവം പുറത്തെത്തിച്ചത്. സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടന്ന സംഘ്പരിവാർ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് മതപുരോഹിതന്മാരെ സമീപിച്ചത്.

സംഘ്പരിവാർ സംഘങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നും തങ്ങൾക്ക് സംരക്ഷണം നൽകാനാകില്ലെന്നുമാണ് പൊലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനായ തോമസ് ജോൺസൻ ‘ന്യൂസ് മിനുട്ടി’നോട് പറഞ്ഞു. ഔദ്യോഗിക ഉത്തരവോ നിരോധനമോ ആയിട്ടല്ല പൊലീസ് ഇക്കാര്യം നിർദേശിച്ചത്. സാമുദായിക സൗഹാർദം നിലനിർത്താൻ വേണ്ടിയുള്ള ഉപദേശമായിരുന്നു. വൈദികനായ ചെറിയാൻ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് പൊലീസ് പറഞ്ഞത് ചർച്ചുകളിൽ വേണമെങ്കിൽ പ്രാർത്ഥന നടത്തിക്കൊള്ളൂവെന്നാണ്. സ്വകാര്യ വസതിയിലോ വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലോ നടത്തരുതെന്നു പറഞ്ഞുവെന്നും തോമസ് ജോൺസൻ പറഞ്ഞു. ബെലഗവിയിൽ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാനാണ് പൊലീസ് നിർദേശം. ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്ന നിർദേശവുമായി 15ഓളം പുരോഹിതന്മാരെ പൊലീസ് സമീപിച്ചിട്ടുണ്ട്.

You might also like