പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകാൻ ജാസി ഗിഫ്റ്റ്
പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ നിയമിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. ആദ്യമായാണ് രാഷ്ട്രീയക്കാരനല്ലാത്ത ഒരാൾ കോർപറേഷന്റെ തലപ്പത്തേക്ക് ശുപാർശ ചെയ്യപ്പെടുന്നത്. കോർപറേഷന്റെ ആസ്ഥാനം കോട്ടയമാണ്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷനുമായ പി.ജെ.വർഗീസാണ് നിലവിൽ ചെയർമാൻ. പി.ജെ.വർഗീസിനു 2 വർഷം കൂടി കാലാവധി ബാക്കിനിൽക്കെയാണ് പുതിയ ആളിനെ ചെയർമാനാക്കാൻ സിപിഎം സെക്രട്ടേറിയറ്റ് ശുപാർശ നൽകിയത്. എന്നാൽ പാർട്ടിയുടെ കോട്ടയം ജില്ലാ സമ്മേളനത്തിനു ശേഷം മാത്രമേ ഈ ശുപാർശ നടപ്പാക്കാവൂ എന്നു ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ നിർദേശം വച്ചിട്ടുണ്ട്. ജനുവരി 12 മുതൽ 14 വരെയാണ് സമ്മേളനം.
അതേസമയം നിലവിലുള്ള ബോർഡ് പിരിച്ചുവിട്ട് പുതിയ ചെയർമാനെ ഉടൻ തന്നെ നിയമിക്കുമെന്നാണ് സൂചന. ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളെ പിന്നീട് നിശ്ചയിക്കും. 2019 ജനുവരിയിലാണ് പി.ജെ.വർഗീസ് ചെയർമാനായി ചുമതലയേറ്റത്. അതിനു മുൻപ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മത്തായി ചാക്കോ ആയിരുന്നു ചെയർമാൻ.
‘ലജ്ജാവതിയേ’ എന്ന ഒറ്റ സിനിമ പാട്ടോടു കൂടി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയനായ ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. 2019ൽ കണ്ണൂർ സർവകലാശാലയിൽ നിന്നു ഫിലോസഫിയിൽ പിഎച്ച്ഡി കരസ്ഥമാക്കി. അദ്വൈതവും ബുദ്ധിസവുമായി ബന്ധപ്പെടുത്തി സാഹോദര്യത്തിന്റെ തത്വശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തിനാണു ഡോക്ടറേറ്റ്. ചെയർമാൻ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നതായി ജാസി ഗിഫ്റ്റ് പറഞ്ഞു.