കത്തോലിക്ക യുവ വൈദികന്‍ കോംഗോയില്‍ കൊല്ലപ്പെട്ടു

0

ബ്രാസവില്ലെ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ആരാധനക്കു ശേഷം മടങ്ങിയ യുവവൈദികന്‍ കൊല്ലപ്പെട്ടു. 36 വയസ്സുള്ള ഫാ. റിച്ചാർഡ് മസിവി കസെറെക്കയാണ്, കന്യാബയോംഗയിൽ തന്റെ ഇടവകയായ സെന്റ് മൈക്കൽ ദി ആർക്കഞ്ചലിൽ നിന്നു കാറില്‍ മടങ്ങുന്നതിനിടെ വടക്കുകിഴക്കൻ പ്രദേശമായ ലുബെറോയിൽവെച്ച് ആയുധധാരികളാൽ കൊല്ലപ്പെട്ടത്. വൈദികന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി ബ്യൂട്ടേംബോ-ബെനിയിലെ ബിഷപ്പ് മെൽചിസെഡെക് സികുലി പലുകു എസിഐ ആഫ്രിക്കയ്ക്ക് അയച്ച പ്രസ്താവനയിൽ പറഞ്ഞു. അയൽരാജ്യമായ ഉഗാണ്ടയിൽ നിന്നുള്ള ഐഎസുമായി ബന്ധമുള്ള വിമത സംഘം അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് നിരീക്ഷിക്കപ്പെടുന്നു.

മേഖലയിൽ നടന്ന ഭീകരാക്രമണങ്ങളെ ബിഷപ്പ് പലുകു അപലപിച്ചു. സായുധ സംഘങ്ങൾ സ്കൂളുകളും ആശുപത്രികളും നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ കൊല്ലപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ലായെന്നും ആശുപത്രി കിടക്കയിൽ കിടന്ന് രോഗികളെ പോലും അക്രമികള്‍ കൊല്ലുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൂരമായ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കു സ്ഥിരം വേദിയായി ആഫ്രിക്ക ഭൂഖണ്ഡം മാറി കഴിഞ്ഞിരിക്കുകയാണ്. ഓരോ ദിവസവും ക്രൈസ്തവര്‍ക്കു നേരെ അനേകം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തുക്കൊണ്ടിരിക്കുന്നത്.

You might also like