ഗൾഫിൽനിന്ന് കോഴിക്കോട്ടേക്ക് തിരക്കേറുന്നു; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്, വർധന അഞ്ചിരട്ടിയോളം
കരിപ്പൂർ: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഗൾഫിൽനിന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളേറി. ഇതോടെ വിമാനക്കമ്പനികൾ നിരക്കുയർത്താനും തുടങ്ങി. ഈമാസം പതിനായിരം രൂപയിൽ താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകൾ അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ട്. ഈമാസം ദുബായ്-കോഴിക്കോട് ടിക്കറ്റ് നിരക്ക് 10,000 മുതൽ 40,000 വരെയായിരുന്നു. അതു മാർച്ചിൽ 48,930 മുതൽ 1,95,960 രൂപ വരെയായി ഉയർന്നു. 10,000 മുതൽ 20,000 വരെയുണ്ടായിരുന്ന അബുദാബി-കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 മുതൽ 1,50,000 വരെയെത്തി. 6000 മുതൽ 30,000 വരെയുണ്ടായിരുന്ന ഷാർജ-കോഴിക്കോട് ടിക്കറ്റ് നിരക്ക് രണ്ടുലക്ഷം രൂപ വരെയായി. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളിലും വലിയതോതിലുള്ള വർധനയുണ്ട്.