ക്ഷയരോഗ നിവാരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ നടത്തും; മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാതല വാര്‍ഷിക സര്‍വേ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര ക്ഷയരോഗ നിവാരണ വിഭാഗവും, ലോകാരോഗ്യ സംഘടന ഇന്ത്യ പ്രതിനിധികളും , ഐസിഎംആര്‍-എന്‍ഐആര്‍ടി, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ പ്രിവന്റീവ് & സോഷ്യല്‍ മെഡിസിന്‍ എന്നിവ സംയുക്തമായാണ് സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിയിലൂടെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച പുരോഗതി വിലയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ശരാശരിയെ അപേക്ഷിച്ച് ക്ഷയരോഗബാധ കേരളത്തില്‍ കുറവാണെങ്കിലും ഇന്നും ക്ഷയരോഗം നമ്മുടെ ആരോഗ്യമേഖലയില്‍ ഒരു വെല്ലുവിളിയായി തന്നെ തുടരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ‘ക്ഷയരോഗമുക്ത കേരളം’ പദ്ധതി നടപ്പിലാക്കി വരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.സര്‍വേയില്‍ ഓരോ ജില്ലയിലും രണ്ടുപേരടങ്ങുന്ന പതിനഞ്ചു സംഘങ്ങളുണ്ടാകും.